Wednesday, May 15, 2024
spot_img

സ്റ്റാലിൻ ഏകാധിപതികളെ അനുകരിച്ച് തമിഴ്‌നാട്ടിൽ കാട്ടുനീതി നടപ്പിലാക്കുന്നുവെന്ന് അണ്ണാമലൈ; സിപിഎം കൗൺസിലറെ വിമർശിച്ചതിന് പുലർച്ചെ വീടുവളഞ്ഞ് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ അറസ്റ്റ്; തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം

ചെന്നൈ: തമിഴ്‌നാട് ബിജെപി സംസ്ഥാന സെക്രട്ടറി എസ് ജി സൂര്യയുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം. ഇന്ന് പുലർച്ചെയാണ് മധുര പോലീസ് സൂര്യയെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തത്. എന്നാൽ പോലീസ് നടപടിയിലേക്ക് നയിച്ച കാരണങ്ങൾ ഇപ്പോഴും വ്യക്തമല്ല. സിപിഎം കൗൺസിലർ വിശ്വനാഥിനെ വിമർശിച്ച് ട്വീറ്റ് ചെയ്തതിനെ തുടർന്നാണ് അറസ്റ്റെന്നാണ് സൂചന. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. മലം നിറഞ്ഞ അഴുക്കുചാല് വൃത്തിയാക്കാൻ ഒരു ശുചിത്വ തൊഴിലാളിയെ ഇടത് കൗൺസിലറായ വിശ്വനാഥൻ നിർബന്ധിച്ചെന്നും അലർജിയെ തുടർന്ന് തൊഴിലാളി മരിച്ചെന്നും സൂര്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മധുര എം പി വെങ്കിടേശന് സൂര്യ എഴുതിയ കത്തിൽ സംഭവത്തെ അതിരൂക്ഷമായി അപലപിച്ചിരുന്നു. ഇതാകാം അറസ്റ്റിലേക്ക് നയിച്ചതെന്ന് ബിജെപി കരുതുന്നു.

വിഷയത്തിൽ വ്യാപകമായ പ്രതിഷേധമുയരുകയാണ് തമിഴ്‌നാട്ടിൽ. ഡി എം കെ യുടെ ഘടകകക്ഷിയായ സി പി എമ്മിനെതിരായ രാഷ്ട്രീയ വിമർശനം സ്റ്റാലിന് സഹിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ പറഞ്ഞു. തൊഴിലാളി വർഗ്ഗ സ്നേഹം പ്രസംഗിച്ചു നടക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടുക മാത്രമാണ് സൂര്യ ചെയ്തത്. ഏറ്റവും ചെറിയ രാഷ്ട്രീയ വിമർശനത്തെ പോലും അസഹിഷുതയോടെ നേരിടുകയും, അഭിപ്രായ സ്വാതന്ത്ര്യത്തെ ഭരണകൂടത്തിൻറെ സ്വാധീനം ഉപയോഗിച്ച് അടിച്ചമർത്തുന്നത് ഏകാധിപത്യ പ്രവണതയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഏകാധിപതികളെ അനുകരിക്കുകയാണെന്നും തമിഴ്‌നാട്ടിൽ കാട്ടുനീതി നടപ്പിലാക്കുകയാണെന്നും ബിജെപി ഭയലേശമില്ലാതെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമനത്തിന് കോടികൾ കോഴവാങ്ങിയ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിനായി അദ്ദേഹം കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യം ലഭിച്ചില്ല. അദ്ദേഹത്തെ ഇപ്പോൾ എട്ടുദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നടത്തിയ അഴിമതിയിലാണ് അറസ്റ്റ്. സെന്തിൽ ബാലാജിയുടെ അറസ്റ്റിനെ രാഷ്ട്രീയ വേട്ടയായി ചിത്രീകരിക്കാനുള്ള ഡി എം കെ യുടെ ശ്രമം പരാജയപ്പെട്ടിരുന്നു. തുടർന്നുള്ള പകപോക്കലാണ് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ അറസ്റ്റെന്നാണ് പാർട്ടി വിലയിരുത്തുന്നത്.

Related Articles

Latest Articles