തിരുവനന്തപുരം:മിസോറം ഗവർണർപദവി ഒഴിഞ്ഞ കുമ്മനം രാജശേഖരൻ ഇന്ന്‌ തലസ്ഥാനത്തെത്തും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെ ബി.ജെ.പി നേതാക്കളും പ്രവർത്തകരും സ്വീകരിക്കും. തുടർന്ന് ബൈക്ക് റാലിയോടെ നഗരത്തിലേക്ക് ആനയിക്കും.

പേട്ട, ജനറൽ ആസ്പത്രി, എൽ.എം.എസ്., പാളയം, സ്റ്റാച്യൂ വഴി പഴവങ്ങാടി ഗണപതികോവിലിനടുത്ത് ബൈക്ക് റാലി സമാപിക്കും. കോവിലിൽ ദർശനത്തിനുശേഷം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തും.

കേരളത്തിലെ പ്രവർത്തനങ്ങൾക്ക് കുമ്മനം രാജേശഖരന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസ നേർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.ക്ക് കേരളത്തിൽ മികച്ചപ്രകടനം കാഴ്ച വെക്കാൻ കഴിയുമെന്നും ബി.ജെ.പിയുടെ വർധിച്ചുവരുന്ന ജനപിന്തുണ വിജയത്തിന് സഹായിക്കുമെന്നും കുമ്മനം നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ചനടത്തിയശേഷമാണ് അദ്ദേഹം കേരളത്തിലെത്തുന്നത്.