ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ചരിത്രം കുറിച്ചുകൊണ്ട് ബിജെപിയ്ക്ക് ഭരണത്തുടർച്ച ലഭിച്ചിരിക്കുകയാണ്.
ഇപ്പോഴിതാ മന്ത്രിസഭാ രൂപീകരണങ്ങൾക്ക് മുന്നോടിയായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 11 മണിയ്‌ക്ക് വിധാൻസഭയിലാണ് സത്യപ്രതിജ്ഞ.
അതേസമയം സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ഡെറാഡൂണിൽ ബിജെപി നിയമസഭാ കക്ഷി യോഗം ചേരും. ഇതിലായിരിക്കും ആരാകണം മുഖ്യമന്ത്രിയെന്ന് തീരുമാനിക്കുക(BJP’s Uttarakhand Chief Minister Pick Likely Today).
യോഗത്തിൽ മീനാക്ഷി ലേഖി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇന്ന് വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന വാർത്തകളെ പ്രോട്ടേം സ്പീക്കറും, ഗവർണറും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ചർച്ചകൾക്കായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി, കൗശിക്, മുൻ കേന്ദ്രമന്ത്രി രമേഷ് പൊഖ്രിയാൽ എന്നിവർ ഇന്നലെ വൈകിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
കോൺഗ്രസിനെ തകർത്തെറിഞ്ഞ് കൊണ്ടാണ് ബിജെപി ഉത്തരാഖണ്ഡിൽ പുതു ചരിത്രം കുറിച്ചത്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ ലീഡ് നേടിയിരുന്ന ബിജെപിയ്‌ക്കെതിരെ പിന്നീട് കടുത്ത പോരാട്ടം നടത്താൻ കോൺഗ്രസിനായെങ്കിലും വോട്ടെണ്ണൽ പുരോഗമിക്കവെ ബിജെപി ശക്തമായ ആധിപത്യം നേടുകയായിരുന്നു.ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് ഭൂരിഭാഗം സർവേകളും പ്രവചിച്ച ഉത്തരാഖണ്ഡിൽ ബിജെപിയുടെ തേരോട്ടമാണ് കാണാനായത്. തിരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിൽ ഏറ്റവുമധികം പ്രതീക്ഷ വച്ചിരുന്ന ഉത്തരാഖണ്ഡിൽ കോൺഗ്രസ് തകർന്നടിയുകയായിരുന്നു.
2000 നവംബർ 9ന് ഇന്ത്യയുടെ ഇരുപത്തിയേഴാമത് സംസ്ഥാനമായാണ് ഉത്തരാഖണ്ഡ് രൂപീകൃതമാകുന്നത്. 13 ജില്ലകളാണ് സംസ്ഥാനത്തുള്ളത്. ഡെറാഡൂൺ തലസ്ഥാനമായ ഉത്തരാഖണ്ഡ് 53,483 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്നു. പതിനൊന്ന് കോടിയാണ് ഉത്തരാഖണ്ഡിലെ ആകെ ജനസംഖ്യ. സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റീൽ 36 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു. ഏറ്റവുമൊടുവിലത്തെ 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റുകളിൽ 57 സീറ്റും സ്വന്തമാക്കിയാണ് ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസിന് 11 സീറ്റ് മാത്രമാണ് അന്ന് നേടാനായത്. മറ്റുള്ളവർ രണ്ട് സീറ്റുകൾ നേടിയിരുന്നു. അഞ്ച് വർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് സംസ്ഥാനം ഭരിച്ച് കൊണ്ടിരുന്നത്. എന്നാൽ ഇത്തവണ ഭരണത്തുടർച്ച നേടിക്കൊണ്ട് പുതിയ ചരിത്രമാണ് ബിജെപി കുറിച്ചത്.

