Friday, May 17, 2024
spot_img

സൂപ്പര്‍ഫാസ്റ്റിന്റെ വഴിതടയല്‍ ! ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍; കന്റോണ്‍മെന്റ് എസ്എച്ച്ഒയെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റണമെന്ന് യദു

നടുറോഡിലുണ്ടായ KSRTC ഡ്രൈവർ – മേയർ തർക്കത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ.ബസ് ഡ്രൈവർ യദുവിന്റെ പരാതിയിൽ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. യാത്രക്കാരുമായി പോകുകയായിരുന്ന ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച പരാതിയിൽ കേസെടുക്കാത്ത കന്റേോൺമെന്റ് എസ്.എച്ച്.ഒയ്ക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് യദുവിന്റെ പരാതി. ആര്യ രാജേന്ദ്രൻ, കെ.എം. സച്ചിൻദേവ്, അരവിന്ദ് കണ്ടാലറിയാവുന്ന രണ്ടു പേർ, എന്നിവരാണ് എതിർ കക്ഷികൾ.

തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറും കെഎസ്ആർടിസി മാനേജിങ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥാണ് ഉത്തരവിട്ടത്.

ഏപ്രിൽ 27-ന് താൻ ഓടിച്ചിരുന്ന കെഎസ്ആർടിസി ബസിന്റെ യാത്ര, എതിർ കക്ഷികൾ തടസപ്പെടുത്തിയെന്നും തന്നെ അസഭ്യം പറയുകയും യാത്രക്കാരെ ബസിൽ നിന്നും ഇറക്കിവിടാൻ ശ്രമിക്കുകയും ചെയ്തു. അന്ന് രാത്രി പത്തരയ്ക്ക് കന്റോൺമെന്റ് എസ്എച്ച്.ഒയ്ക്ക് പരാതി നൽകിയിട്ടും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. ബസിന്റെ മുൻഭാഗത്തുള്ള ക്യാമറകൾ പരിശോധിച്ചാൽ നടന്നത് ബോധ്യമാവും. എന്നാൽ യാതൊരു അന്വേഷണവും നടത്താതെ തനിക്കെതിരെ കേസെടുത്തു.” – യദു പരാതിയിൽ ആരോപിക്കുന്നു.

കന്റോൺമെന്റ് എസ്എച്ച്ഒയെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റി മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നും ഒന്നു മുതൽ അഞ്ചു വരെയുള്ള എതിർകക്ഷികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും തന്നെയും യാത്രക്കാരെയും സഞ്ചരിക്കാൻ അനുവദിക്കാത്തതിനുമെതിരേയും അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്നും യദു പരാതിയിൽ ആവശ്യപ്പെട്ടു.

Related Articles

Latest Articles