ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഫ്ലൈഓവറിന് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞ നാടൻ ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. സിയാം എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞു. ഒരു സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനായ ഇയാൾ സ്ഫോടനസമയത്ത് ആ വഴിയിലൂടെ നടന്നുപോകുകയായിരുന്നു.
സ്ഫോടനത്തിന് തൊട്ടുപിന്നാലെ അക്രമികൾ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഫ്ലൈഓവറിൽ നിന്ന് താഴേക്ക് ലക്ഷ്യമില്ലാതെ സ്ഫോടകവസ്തു എറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അതീവ ഗുരുതരമായി പരിക്കേറ്റ സിയാമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഫോടനത്തെത്തുടർന്ന് പോലീസ് പ്രദേശം വളയുകയും സുരക്ഷ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ധാക്ക മെട്രോപൊളിറ്റൻ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. സ്ഫോടനത്തിന് പിന്നിലെ ലക്ഷ്യമോ പ്രതികൾ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് രാംന ഡിവിഷൻ ഡെപ്യൂട്ടി കമ്മീഷണർ മസൂദ് ആലം അറിയിച്ചു.
ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരത തുടരുന്ന സാഹചര്യത്തിൽ ഇത്തരം അപ്രതീക്ഷിത ആക്രമണങ്ങൾ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. സംഭവത്തിൽ ഇതുവരെ ഒരു സംഘടനയും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. അക്രമ സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ നഗരത്തിലെ പ്രധാന ഇടങ്ങളിൽ സുരക്ഷാ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി.

