കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് കളിക്കുന്നതിനിടെ ബോംബ് പൊട്ടി പന്ത്രണ്ടുകാരന് പരിക്ക്. ധർമ്മടം പാലാട് നരിവയലിലാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ഉപേക്ഷിച്ച നിലയില്‍ കണ്ട ഐസ്ക്രീം ബോള്‍ എടുത്ത് എറിഞ്ഞപ്പോഴാണ് സ്ഫോടനുമുണ്ടായത്.
പരിക്കേറ്റ നരിവയൽ സ്വദേശി ശ്രീവർധിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നെഞ്ചിനും കാലിനുമാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്.
പറമ്പിൽ മറ്റ് കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്നു ശ്രീധർവ്. ഇതിനിടിയിൽ പന്ത് അടുത്തുള്ള പറമ്പിലേക്ക് പോയി. ഇത് തിരിച്ചെടുക്കാൻ ചെന്നപ്പോഴാണ് ഐസ്ക്രീം ബോൾ കണ്ടത്. തുടർന്ന് മൂന്ന് ഐസ്ക്രീം ബോംബുകളാണ് കുട്ടിക്ക് പറമ്പിൽ നിന്ന് കിട്ടിയത്. ബോംബാണെന്ന് തിരിച്ചറിയാതെ ഇതെടുത്ത് തിരിച്ച് കൊണ്ടുവന്ന് കളി തുടരുന്നതിനിടെയാണ് സ്ഫോടനം നടന്നത്. സംഭവം അന്വേഷിക്കാൻ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് കൂടുതല്‍ ബോംബുകള്‍ ഉണ്ടോ എന്നറിയാന്‍ പരിശോധന ആരംഭിച്ചു.

