Saturday, May 18, 2024
spot_img

20,000 രൂപ നിക്ഷേപിച്ച് സ്വന്തം ബൈക്കില്‍ ടിക്കറ്റ് വിതരണം;ഇന്ന് ബുക്ക് മൈ ഷോയുടെ ആസ്തി 3,000 കോടി

സിനിമാ പ്രേക്ഷകരെ ക്യൂവില്‍ നിന്നും ഓണ്‍ലൈനിലെത്തിച്ചാണ് ബുക്ക് മൈ ഷോ ശ്രദ്ധേയമാകുന്നത്. ഓണ്‍ലൈന്‍ സിനിമ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമില്‍ തുടക്കമിട്ട സംരംഭം വിപുലീകരണത്തിന്റെ ഭാഗമായി സ്പോര്‍ട്സ് ഷോകളില്‍ ഉള്‍പ്പെടെയുളള പ്ലാറ്റ്ഫോമുകളിലേക്കെത്തി. ദക്ഷിണാഫ്രിക്ക യാത്രയ്ക്കിടയില്‍ റഗ്ബി ടിക്കറ്റ് വില്പനയെക്കുറിച്ച് കേട്ട പരസ്യമാണ് ആഷിഷ് ഹേംരാജനി എന്ന ഇരുപത്തിനാലുകാരനെ ബിഗ് ട്രീ എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭത്തിന് തുടക്കം കുറിക്കാന്‍ പ്രേരിപ്പിച്ചത്.

ബുക്കിംഗ് നഷ്ടമാകാതിരിക്കാന്‍ പലപ്പോഴും തിയറ്ററുകളില്‍ നിന്നും വലിയ തോതില്‍ ടിക്കറ്റുകള്‍ ഒന്നിച്ച് വാങ്ങി ബൈക്കില്‍ ഉപഭോക്താക്കളിലേക്കെത്തിച്ച ഭൂതകാലമുണ്ടായിരുന്നു ബുക്ക് മൈ ഷോക്ക്. എന്നാല്‍ ഇന്ന് ഇന്ന് ടിക്കറ്റുകള്‍ മാത്രമല്ല സിനിമയുടെയും ഷോകളുടെയും ഇടവേളകളില്‍ സ്നാക്സ് വരെ ഓര്‍ഡര്‍ ചെയ്യാവുന്ന തലത്തിലേക്ക് ബുക്ക് മൈ ഷോ മാറിക്കഴിഞ്ഞു.

തന്റെ വീട്ടില്‍ തന്നെ ആരംഭിച്ച സംരംഭാശയം സുഹൃത്തുക്കളായ പരീക്ഷിത് ധറിനും രാജേഷ് ബാല്‍പാണ്ഡെക്കും ഇഷ്ടമായതോടെ ഇരുവരും ആഷിഷിനൊപ്പം ചേര്‍ന്നു. രാജ്യത്തെ സിനിമാ ആസ്വാദകരെ ലക്ഷ്യമിട്ട് മള്‍ട്ടിപ്ലക്സ് ശൃംഖലകള്‍ക്ക് തുടക്കം കുറിക്കുന്ന സമയമായിരുന്നു അത്. മികച്ച സംരംഭാവസരമായിരുന്നുവെങ്കിലും ആഷിഷിനും കൂട്ടര്‍ക്കും ഏറെ പ്രതിസന്ധികളാണ് തരണം ചെയ്യേണ്ടി വന്നത്.

മുന്നോട്ട് പോകാന്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണെന്ന് മനസ്സിലാക്കിയതോടെ നിക്ഷേപകരെ തേടിയുളള അലച്ചിലായി. എന്നാല്‍ ടിക്കറ്റ് ബുക്കിംഗ് ആശയത്തോട് ആരും ആകൃഷ്ടരായില്ല. നെറ്റ്ബാങ്കിംഗോ ഡെബിറ്റ്-ക്രെഡിറ്റ് ഇടപാടുകളോ സജീവമല്ലായിരുന്നത് ആശയം നടപ്പിലാക്കുന്നത് കൂടുതല്‍ ദുഷ്‌ക്കരമാക്കി. തിയറ്ററുകളില്‍ ടിക്കറ്റിംഗ് സോഫ്റ്റ്വെയറിന്റെ അഭാവവും പരിമിതമായ ബ്രോഡ്ബാന്‍ഡ് കണക്ഷനും ബിസിനസില്‍ തുടര്‍ച്ചയായി തിരിച്ചടി നല്കി. തിയറ്ററുകളിലും ഓണ്‍ലൈന്‍ സംവിധാനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും അഭാവം തിരിച്ചടിയുടെ വ്യാപ്തി വര്‍ധിപ്പിച്ചു.

പ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസം കൈമുതലാക്കി മൂവരും മുന്നോട്ട് തന്നെ കുതിച്ചു. 2007ല്‍ നെറ്റ്വര്‍ക്ക് 18 നിക്ഷേപകരായി എത്തിയത് സംരംഭത്തിന് ആശ്വാസമായി. ക്രമേണ കമ്പനി മെച്ചപ്പെട്ടുതുടങ്ങി. മുഖം മിനുക്കുന്നതിന്റെ ഭാഗമായി സംരംഭത്തിന്റെ പേരും മാറ്റാന്‍ തീരുമാനമായി. തുടര്‍ന്ന് ജീവനക്കാര്‍ക്കിടയില്‍ പേര് നിര്‍ദേശിക്കാന്‍ നടത്തിയ മത്സരത്തില്‍ നിന്നുമാണ് ‘ബുക്ക് മൈ ഷോ’ എന്ന പേരിടുന്നത്.

2010ല്‍ ഐപിഎല്ലിലെ ഏതാനും ടീമുകളുടെയും തൊട്ടുപിന്നാലെ 2011ല്‍ ഫോര്‍മുല വണ്ണിന്റെയും ടിക്കറ്റിംഗ് പങ്കാളികളായി. പ്രതിമാസം 10 മില്യണിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റഴിക്കപ്പെടുന്നത്. 20 മില്യണില്‍പരം കസ്റ്റമേഴ്സ് ഉണ്ട്. 20,000 രൂപ മുതല്‍ മുടക്കുമായി 20 വര്‍ഷം മുന്‍പ് ആരംഭിച്ച സ്ഥാപനമിന്ന് 3000 കോടി രൂപയിലേറെ ആസ്തിയുളള കമ്പനിയായി വളര്‍ന്നുകഴിഞ്ഞു. ഇന്ത്യയ്ക്ക് പുറമെ ന്യൂസിലാന്‍ഡ്, ശ്രീലങ്ക, ഇന്‍ഡോനേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും സാന്നിധ്യമുറപ്പിച്ച് മുന്നേറുകയാണ് ബുക്ക് മൈ ഷോ

Related Articles

Latest Articles