ദില്ലി :മേയ് 10ന് പുലർച്ചെ ഇന്ത്യയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും എന്നാൽ ഇന്ത്യ ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ തങ്ങളുടെ സർവ്വ പദ്ധതികളും തകർന്നുവെന്നും പരസ്യമായി സമ്മതിച്ച് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. അസർബൈജാനിൽ നടത്തിയ പ്രസംഗത്തിനിടെയാണ് ഷഹബാസ് ഷെരീഫ് ഇന്ത്യൻ ആക്രമണം വീണ്ടും സ്ഥിരീകരിച്ചത്.
‘മേയ് 9നും 10നും ഇടയിലുള്ള രാത്രി ഇന്ത്യയ്ക്കുനേരെ ആക്രമണം നടത്താൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. പുലർച്ചെ 4.30 ഓടെ തിരിച്ചടിക്കാൻ പാക് സൈന്യം തയ്യാറായിരുന്നു. എന്നാൽ അതിനുമുമ്പ് ഇന്ത്യ ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ച് റാവൽപിണ്ടിയിലെ വിമാനത്താവളം ഉൾപ്പെടെ പാക്കിസ്ഥാന്റെ വിവിധ പ്രവിശ്യകളിൽ ആക്രമണം നടത്തി’’–ഷഹബാസ് പറഞ്ഞു.
നേരത്തെ ഇസ്‌ലാമാബാദിൽ നടത്തിയ പ്രസംഗത്തിലും ഇന്ത്യയുടെ തിരിച്ചടി ഷഹബാസ് സ്ഥിരീകരിച്ചിരുന്നു. ഇന്ത്യ മിസൈലാക്രമണം നടത്തിയത് സൈനിക മേധാവി അസിം മുനീർ പുലർച്ചെ രണ്ടരയോടെ തന്നെ വിളിച്ചറിയിച്ചെന്നായിരുന്നു ഷഹബാസിന്റെ പ്രതികരണം. നൂർ ഖാൻ വ്യോമതാവളത്തിലുൾപ്പെടെ ഇന്ത്യ ആക്രമണം നടത്തിയെന്നും ഷഹബാസ് സമ്മതിച്ചിരുന്നു.
26 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായാണ് പാകിസ്ഥാനെതിരേ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരുനല്‍കിയ പ്രത്യാക്രമണം നടത്തിയത്. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതാവളങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ ആക്രമണം. ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ ഭീകരസംഘടനകളില്‍പ്പെട്ട നൂറാേളം ഭീകരര്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികവിവരം.

