Wednesday, November 25, 2026

സ്തനാര്‍ബുദം :അറിയാം, ചികിത്സിക്കാം, അതിജീവിക്കാം

സ്താനര്‍ബുദത്തെ ഭയപ്പെടണോ?മറ്റ് അര്‍ബുദം പോലെ തന്നെ ഗൗരവം ഉള്ളത് തന്നെയാണ് സ്താനാര്‍ബുദവും.എന്നാല്‍ സ്ത്രീകള്‍ സ്വന്തം മാറിടം അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താം.തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ച് ഭേദമാക്കാവുന്നതേ ഉള്ളൂ.ദിവസം ഒരു അഞ്ച് മിനിറ്റ് ശ്രദ്ധയോടെ സ്തനങ്ങള്‍ പരിശോധിക്കാന്‍ 30 വയസ്സ് കഴിഞ്ഞ ഓരോ സ്ത്രീകളും തയ്യാറാകണം.

വേഗം തിരിച്ചറിയാന്‍

1.മാറിടത്തിലെ,കക്ഷത്തിലെ മുഴ

2.പ്രത്യേക സ്ഥലത്തെ മാറാത്ത വേദന

3.ആകൃതിയിലും വലിപ്പത്തിലും വ്യത്യാസം

4.മുലഞെട്ടിലെ തടിപ്പ്

5.മുലഞെട്ടുകള്‍ ഉള്ളിലേക്ക് വലിഞ്ഞിരിക്കുക,ദ്രാവകം വരിക

  1. മാറില്‍ ഞരമ്പുകള്‍

സ്വയം പരിശോധിക്കേണ്ടത് എങ്ങനെ?

കണ്ണാടിക്ക് മുന്നില്‍ നിന്ന് മാറിടങ്ങള്‍ നിരീക്ഷിക്കുക.കൈകള്‍ തലക്ക് മുകളില്‍ ഉയര്‍ത്തിപ്പിടിച്ചും , ഇടുപ്പില്‍ കൈകള്‍ വച്ചും ,ശരീരം അല്‍പം മുന്നോട്ട് ആഞ്ഞും പരിശോധന നടത്താം.രണ്ട് മുലകളിലും വിരലുകള്‍ കണ്ട് അമര്‍ത്തി വ്യതിയാനങ്ങള്‍ ഉണ്ടോ എന്ന് മനസ്സിലാക്കുക.മുലക്കണ്ണിന്റെ ഭാഗത്ത് നിന്ന് തുടങ്ങി വൃത്താകൃതിയില്‍ പരിശോധിക്കുക.ഒപ്പം കക്ഷവും പരിശോധിക്കണം.

മുഴകളും വേദനയും ശ്രദ്ധിക്കണം

മുഴകളോ കല്ലിപ്പോ ഉണ്ടോ എന്ന് പരിശോധിക്കുക..തെന്നിമാറുന്ന മുഴകളും ശ്രദ്ധിക്കണം.വേദനയില്ലെങ്കിലും മുഴകള്‍ കണ്ടാല്‍ ഡോക്ടറെ കാണുക.

ആര്‍ത്തവ സമയത്ത് മുലകളിലോ മുലഞെട്ടുകളിലോ വേദന സാധാരണമാണ്.ആര്‍ത്തവ ദിനങ്ങള്‍ കഴിഞ്ഞും വേദന തുടരുകയാണെങ്കില്‍ ശ്രദ്ധ വേണം.പ്രത്യേകിച്ച് ഒരു സ്ഥലത്ത് മാത്രമാണ് വേദനയെങ്കില്‍ ശ്രദ്ധിക്കണം.പലരും നീര്‍വീഴ്ചയെന്ന് കരുതി അവഗണിക്കാറാണ് പതിവ്.എന്നാല്‍ വേദന തുടരുകയാണെങ്കില്‍ ചികിത്സ തേടണം.

വലിപ്പത്തില്‍ വ്യത്യാസമുണ്ടോ?

സ്തനത്തിന്റെ വലിപ്പത്തിലും ആകൃതിയിലും വ്യത്യാസം വരുന്നതും ഒരു സൂചനയാണ്.ചര്‍മത്തില്‍ കുഴികള്‍ പോലെ തോന്നാം.ഓറഞ്ച് തൊലി പോലെ ചെറിയ ദ്വാരങ്ങളോട് കൂടിയ രീതിയില്‍ ചര്‍മം മാറുന്നതും തുടക്കത്തിലെ ലക്ഷണങ്ങളില്‍ ഒന്നാണ്.

മുലഞെട്ടിലുണ്ടാകുന്ന വ്യത്യാസം

മുലഞെട്ടുകള്‍ പെട്ടെന്ന് ഉള്ളിലേക്ക് വലിയുക, ഞെക്കുമ്പോള്‍ ദ്രാവകം വരിക, ചര്‍മത്തില്‍ വരണ്ട തൊലി രൂപപ്പെടുക, ഇത് പൊളിയുക തുടങ്ങിയവയെല്ലാം അശ്രദ്ധമായി തള്ളിക്കളയരുത്.ചിലപ്പോള്‍ ചര്‍മം കട്ടി കൂടി ചുവന്ന നിറത്തിലും കാണാം.

സ്തനാര്‍ബുദ പരിശോധന

സ്തനാര്‍ബുദത്തിന്റേതായ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ ഉള്ളതാണ് സ്‌ക്രീനിങ് മാമോഗ്രാം. ലളിതമായി പറഞ്ഞാല്‍ മാറിടത്തിന്റെ എക്‌സറേ.

അത്യാധുനിക മാമോഗ്രാം ഒട്ടും വേദന ഉണ്ടാക്കുന്ന ഒരു പരിശോധന അല്ല. ത്രീഡി മാമോഗ്രാം മെഷീന്‍ ആണ് പരിശോധനയ്ക്ക് ഏറ്റവും നല്ലത്.30 വയസ്സില്‍ താഴെയുളളവരില്‍ മാമോഗ്രാം അവലോകനം ബുദ്ധിമുട്ടാണ്.അള്‍ട്രാസൗണ്ട് ആണ് സാധാരണയായി നടത്താറുള്ളത്.

ഒറ്റത്തവണത്തെ മാമോഗ്രാം കൊണ്ട് ഒന്നോ രണ്ടോ വര്‍ഷത്തെ ഉറപ്പേ ഉണ്ടാവുകയുള്ളൂ. അതായത് മാമോഗ്രാം ഒറ്റത്തവണ പരിശോധന അല്ല. പ്രായത്തിനനുസരിച്ച് എത്ര അടുപ്പിച്ച് പരിശോധന നടത്തണമെന്ന് ഡോക്ടറോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം. 40 വയസ്സു കഴിഞ്ഞാല്‍ വര്‍ഷം തോറും മാമോഗ്രാം ചെയ്യുന്നതാണ് നല്ലത്.ആര്‍ത്തവ വിരാമത്തിന് ശേഷവും മാമോഗ്രാം പരിശോധന എല്ലാ വര്‍ഷവും ചെയ്യുക, എന്നാല്‍ ഉറ്റബന്ധുക്കള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിലോ ,ജനിതകപരമായി നടത്തിയ പരിശോധനകളില്‍ അര്‍ബുദ സാധ്യത കണ്ടെത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍ 25 വയസ്സുമുതല്‍ എല്ലാ വര്‍ഷവും മാമോഗ്രാം ചെയ്യാം.

ചികിത്സ എങ്ങനെ?

ശസ്ത്രക്രിയ മാത്രമാണ് ലഭ്യമായ ചികിത്സ. സ്തനങ്ങള്‍ മുഴുവന്‍ നീക്കം ചെയ്യാതെ അസുഖം ബാധിച്ച ഭാഗം മാത്രം നീക്കം ചെയ്യാം. അതോടൊപ്പം പുനര്‍നിര്‍മിക്കുന്ന തരം ശസ്ത്രക്രിയകളും സാധ്യമാണ്. ഇതിനായി ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെ കോശങ്ങളോ കൃത്രിമ വസ്തുക്കളോ ഉപയോഗിക്കുന്നു.

സാധ്യത എത്രത്തോളം?

45 വയസ്സിന് മുകളില്‍ സ്തനാര്‍ബുദ സാധ്യത വളരെ കൂടുതലാണ്.അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ജനിതക കാരണങ്ങളാല്‍ ഉണ്ടാകുന്നു.വളരെ നേരത്തെയുള്ള ആര്‍ത്തവ ആരംഭം, വൈകിയുള്ള ആര്‍ത്തവ വിരാമം എന്നിവ പ്രതികൂല ഘടകങ്ങളാണ്.ആര്‍ത്തവ വിരാമത്തിന് ശേഷമുള്ള അമിത വണ്ണം സ്തനാര്‍ബുദ സാധ്യത കൂട്ടുന്നു.

35 വയസ്സിന് ശേഷമുള്ള ഗര്‍ഭധാരണവും പ്രസവവും പ്രധാനമാണ്. ചികിത്സയുടെ ഭാഗമായോ അല്ലാതെയോ ചെറിയ പ്രായത്തില്‍ റേഡിയേഷന് വിധേയമാകുന്നത് അര്‍ബുദ സാധ്യത കൂട്ടുന്നു. ആഹാരരീതി ഒരു ഘടകം അല്ലെങ്കിലും മദ്യപാനം കാരണമാകാമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ശ്രദ്ധിക്കാം അതിജീവിക്കാം

പൊണ്ണത്തടിയും അമിത ശരീരഭാരവും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക

മദ്യപാനം ,പുകവലി എന്നിവ ശീലിക്കരുത്

ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം

നാരുള്ള ഭക്ഷണം, തവിടുള്ള ധാന്യം , മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

ചുവന്ന മാംസം ഒഴിവാക്കുക, സോയാ പ്രോട്ടീന്‍ കഴിക്കുക

മുലയൂട്ടുന്നതും മുപ്പത് വയസ്സിന് മുന്‍പുള്ള ആദ്യഗര്‍ഭ ധാരണവും രോഗസാധ്യത കുറയ്ക്കും

Related Articles

Latest Articles