Sunday, May 5, 2024
spot_img

റിസബാവയെ വഞ്ചിച്ച കലാകാരന്‍ ഞാനല്ല; മനസ് തുറന്ന് കലാഭവന്‍ അന്‍സാര്‍

മലയാള സിനിമയുടെ സുന്ദരനായ വില്ലന്‍ റിസബാവ അടുത്തിടെയാണ് മരിച്ചത്. അദ്ദേഹം അന്വര്‍ത്ഥമാക്കിയ ജോണ്‍ ഹോനായി എന്ന കഥാപാത്രം മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ ചില ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു . അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു മിമിക്രിക്കാരന്‍ വഞ്ചിച്ചുവെന്നായിരുന്നു അത്. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ അന്യഭാഷാ റീമേക്കുകളില്‍ ജോണ്‍ ഹോനായിയെ അവതരിപ്പിക്കാന്‍ ക്ഷണമുണ്ടായിരുന്നുവെങ്കിലും മറ്റ് ഭാഷകളിലേക്കുള്ള വലിയൊരു അവസരം റിസബാവ നിഷേധിച്ചിരുന്നു.ഇത് സുഹൃത്തായിരുന്ന ഒരു മിമിക്രി കലാകാരന്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതിനെ തുടര്‍ന്നാണെന്നാണ് ആരോപണം ഉയര്‍ന്നത്. ഈ നടന്‍ കലാഭവന്‍ അന്‍സാര്‍ ആണെന്നവിധത്തിലും വിവാദം ഉയര്‍ന്നു.എന്നാല്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് കലാഭവന്‍ അന്‍സാര്‍.

‘താന്‍ മനസാ വാചാ അറിയാത്ത കാര്യമാണെന്നും അത് പടച്ചുവിട്ടയാളുടെ ഉദ്ദേശം എന്താണെന്ന് തനിക്കറിയില്ലെന്നും ‘അന്‍സാര്‍ പറഞ്ഞു.
റിസബാവയും താനും വളരെ ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നുവെന്നാണ് അന്‍സാര്‍ പറയുന്നത്. സ്‌കൂള്‍ കഴിഞ്ഞ് ബന്ധം കുറേക്കാലത്തുണ്ടായിരുന്നില്ല. ഈ സമയത്ത് റിസബാവ നാടകത്തില്‍ അഭിനയിക്കുന്ന കാര്യം തനിക്ക് അറിയാമായിരുന്നു. പിന്നീടാണ് തന്റെ സുഹൃത്തുക്കളായ സിദ്ധീഖും ലാലും ഇന്‍ ഹരിഹര്‍ നഗര്‍ സിനിമ ചെയ്യുന്നതിനെക്കുറിച്ചും അറിയുന്നത്. അവരോട് താന്‍ റിസയെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നു. കഴിവുള്ള സുഹൃത്തുക്കളെ കൈപിടിച്ചു മുന്നോട്ട് നടത്തുന്ന ശീലം തനിക്ക് എപ്പോഴും ഉണ്ടെന്നും അന്‍സാര്‍ പറയുന്നു.

ചിത്രത്തിലെ വില്ലന്‍ വേഷത്തില്‍ അഭിനയിക്കാന്‍ രഘുവരന്റെ ഡേറ്റ് കിട്ടാതെ ഇരിക്കുകയായിരുന്നു സിദ്ധീഖും ലാലും. പിന്നീടാണ് അവര്‍ തന്നോട് റിസയെ പ്രധാന വില്ലന്‍ ആക്കിയാലോ എന്ന് ചോദിക്കുന്നത്. തനിക്ക് ഇത് വലിയ സന്തോഷം ആയെങ്കിലും വില്ലന്‍ കഥാപാത്രം ആണെന്ന് അറിഞ്ഞപ്പോള്‍ താല്‍പര്യമില്ലെന്നായിരുന്നു റിസ പറഞ്ഞതെന്നും അന്‍സാര്‍ ഓര്‍ക്കുന്നു. താനാണ് റിസയെ നിര്‍ബന്ധിച്ചതെന്നും ഇത് ചെയ്തില്ലെങ്കില്‍ പിന്നെ എവിടേയും നിന്നെ റെ്ക്കമെന്റ് ചെയ്യില്ലെന്ന് പറഞ്ഞുവെന്നും അന്‍സാര്‍ പറയുന്നു.

ഇതേക്കുറിച്ച് പിന്നീട് റിസബാവ തന്നെ തുറന്നു പറഞ്ഞിട്ടുണ്ടെന്നും അന്‍സാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ റിസയുടെ മരണ ശേഷം ചില അനാവശ്യ വിവാദങ്ങള്‍ വരുന്നുണ്ട്. റിസയെ അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്നും തടഞ്ഞത് താനാണെന്ന്. പക്ഷെ താന്‍ മനസാവാചാ അറിയാത്ത കാര്യമാണതെന്നും അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് തനിക്കറിയില്ലെന്നും അന്‍സാര്‍ പറയുന്നു.

മലയാള സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ റിസബാവയെ നിര്‍ബന്ധിച്ച താന്‍ മറ്റു ഭാഷാചിത്രങ്ങളില്‍ വില്ലനായി അഭിനയിക്കണ്ട എന്ന് പറയുമോ എന്നാണ് അന്‍സാര്‍ ചോദിക്കുന്നത്. അതേസമയം താന്‍ മനസിലാക്കിയടത്തോളം വില്ലന്‍ കഥാപാത്രത്തിലേക്ക് ഒതുങ്ങിപ്പോകാന്‍ റിസ ആഗ്രഹിച്ചിരുന്നില്ലെന്നും അതാകാം പല ചിത്രങ്ങളും നിരസിച്ചതെന്നുമാണ് അന്‍സാര്‍ അഭിപ്രായപ്പെടുന്നത്

Related Articles

Latest Articles