Tuesday, June 18, 2024
spot_img

നിർമ്മാണത്തിലിരുന്ന പാലം തകർന്ന് രണ്ട് തൊഴിലാളികൾക്ക് പരിക്ക്

മുക്കം: നിർമ്മാണത്തിലിരുന്ന പാലം തകർന്ന് രണ്ട് തൊഴിലാളികൾക്ക് പരിക്ക്. കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന മുക്കം കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്നു വീണാണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക് പറ്റിയത്. മലപ്പുറം ജില്ലയുടെ ഭാഗത്ത് നിർമിച്ച തൂണുകൾക്ക് മുകളിലായി സ്ഥാപിച്ചിരുന്ന സ്ലാബുകളാണ് ഇടിഞ്ഞുവീണത്. തൊഴിലാളികളുടെ പരിക്ക് ഗുരുതരമല്ല.

ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. 2019 മാർച്ചിൽ പ്രവർത്തനോദ്ഘാടനം നടത്തിയ പാലത്തിന്റെ നിർമ്മാണം പ്രളയകാലത്ത് പൂർണമായും നിലച്ചിരുന്നു. പ്രളയനിരപ്പിനനുസരിച്ച് പാലത്തിന് ഉയരമില്ലെന്ന ആരോപണത്തെ തുടർന്നാണ് നിർമാണം നിലച്ചത്. ഇതേ തുടർന്ന് ഡിസൈനിംഗ് വിഭാഗം പാലത്തിന്റെ ഉയരത്തിലും ഡിസൈനിലും മാറ്റം വരുത്താൻ നിർദേശം നൽകുകയും ചെയ്തു.

നേരത്തെ 21.5 കോടി രൂപയായിരുന്ന നിർമാണ ചെലവ്, പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 25 കോടിയായി നിർമാണ ചെലവ് ഉയർത്തുകയായിരുന്നു. ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള പാലം കഴിഞ്ഞ ദിവസം മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചിരുന്നു.

Related Articles

Latest Articles