Tuesday, May 21, 2024
spot_img

മൂന്നാം വട്ടവും മോദി സർക്കാരിനെ അധികാരത്തിൽ എത്തിക്കൂ; കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ ഈ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് അമിത് ഷാ

ദില്ലി: മൂന്നാം വട്ടവും മോദി സർക്കാർ അധികാരത്തിൽ എത്തുകയാണെങ്കിൽ കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ മത്സരം നടന്ന മണ്ഡലങ്ങളിൽ നിന്നായി ബിജെപിയും സഖ്യകക്ഷികളും 100 സീറ്റുകളെങ്കിലും നേടുമെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിലെ നരോലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തുന്നതിന് മുൻപ് നേപ്പാളിലെ പശുപതിനാഥ് മുതൽ ആന്ധ്രയിലെ തിരുപ്പതി വരെ ചുവന്ന ഇടനാഴി ഉണ്ടാക്കുന്നതിനെ കുറിച്ചാണ് കമ്യൂണിസ്റ്റ് ഭീകരർ സ്വപ്‌നം കണ്ടിരുന്നത്. എന്നാലിന്ന് ഇക്കൂട്ടർ ഛത്തീസ്ഗഡിന്റെ ചില ഭാഗങ്ങളിൽ മാത്രമായി ഒതുങ്ങി. വലിയ ശൃംഖല ഉണ്ടാക്കുക എന്നത് വെറും സ്വപ്‌നമായി മാറി. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്‌ട്ര, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കമ്യൂണിസ്റ്റ് ഭീകരരിൽ നിന്ന് മുക്തമായി. ഛത്തീസ്ഗഡിന്റെ ചില ഭാഗങ്ങളിൽ മാത്രം ഇക്കൂട്ടർ തമ്പടിച്ചിട്ടുണ്ട്.

അടുത്തിടെയാണ് ഛത്തീസ്ഗഡിൽ ബിജെപി സർക്കാർ രൂപീകരിച്ചത്. പോലീസ് ഇപ്പോൾ കമ്യൂണിസ്റ്റ് ഭീകരരെ ഇല്ലാതാക്കി മുന്നേറുകയാണ്. നരേന്ദ്രമോദി മൂന്നാം വട്ടവും പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തുകയാണെങ്കിൽ കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ ഈ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുകയാണ്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഒരു സാമ്പത്തിക വിദഗ്ധനായിരുന്നു. എങ്കിൽപ്പോലും 10 വർഷം അധികാരത്തിൽ ഇരുന്നിട്ടും അദ്ദേഹത്തിന് ലോക സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ റാങ്കിംഗ് മെച്ചപ്പെടുത്താൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ 11ാം സ്ഥാനത്താണ്. എന്നാൽ പ്രധാനമന്ത്രിയുടെ ഭരണത്തിന് കീഴിൽ ഈ സ്ഥാനം അഞ്ചിലേക്ക് ഉയർന്നു. മൂന്നാം വട്ടവും നിങ്ങൾ അദ്ദേഹത്തിന് അധികാരം നൽകൂ, നിലവിലുള്ള അഞ്ചാം സ്ഥാനത്ത് നിന്ന് അദ്ദേഹം നമ്മുടെ സമ്പദ്‌വ്യവസ്ഥയെ മൂന്നിലേക്ക് എത്തിക്കുമെന്നും’ അമിത് ഷാ വ്യക്തമാക്കി.

Related Articles

Latest Articles