Tuesday, May 21, 2024
spot_img

‘പിടിച്ചെടുത്ത ഒരു കോടി രൂപയുടെ ഉറവിടം വ്യക്തമാക്കണം’; സിപിഎമ്മിനോട് ആദായനികുതി വകുപ്പ്

തൃശ്ശൂർ: ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതിൽ പരിശോധന തുടരുന്നു. പണത്തിന്റെ ഉറവിടം വ്യക്തമാക്കാൻ ആദായ നികുതി വകുപ്പ് സിപിഎമ്മിന് നിർദേശം നൽകി. തൃശ്ശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന തുകയാണ് കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. മുമ്പ് ഇതേ ബാങ്കിന്റെ അക്കൗണ്ടിൽ നിന്ന് പിൻവലിച്ച തുക തിരിച്ചടയ്ക്കാനെത്തിച്ചപ്പോഴാണ് പിടിച്ചെടുത്തത്. സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസിൻ്റെ മൊഴിയെടുത്ത ശേഷമാണ് ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തത്.

തെരഞ്ഞെടുപ്പ് കമ്മിഷനു മുമ്പില്‍ വെളിപ്പെടുത്താതെ രഹസ്യമാക്കി വച്ച ബാങ്ക് അക്കൗണ്ടാണിത്.നേരത്തെ ആദായനികുതി വകുപ്പ് പരിശോധിച്ച് ഈ അക്കൗണ്ട് മരവിപ്പിച്ചിരുന്നു. പിടിച്ചെടുത്ത ഒരു കോടി രൂപയില്‍ നികുതിയും പിഴയുമായി ഏതാണ്ട് തൊണ്ണൂറു ശതമാനം വരെ നല്‍കേണ്ടി വരും. ഈ പണം എവിടെ നിന്നും വന്നു എന്നതിന് കൃത്യമായ ഒരു മറുപടി സിപിഎം ഇത് വരെ നൽകിയിട്ടില്ല.

അതേസമയം, കരുവന്നൂർ ബാങ്ക് കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസ് ഇന്ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായേക്കില്ല. തിങ്കളാഴ്ച ചോദ്യം ചെയ്യൽ കഴിഞ്ഞ് മടങ്ങുന്നതിനിടെ മെയ് 1ന് വീണ്ടും ഹാജരാകാൻ ഇഡി നിർദ്ദേശിച്ചിരുന്നു. നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഉദ്യോഗസ്ഥരോട് തട്ടിക്കേറിയ എം.എം.വർഗീസ് തൊഴിലാളി ദിന പരിപാടികളുണ്ടെന്നും തുടർച്ചയായി ഹാജരാകാൻ കഴിയില്ലെന്നും അറിയിച്ചാണ് മടങ്ങിയത്.

Related Articles

Latest Articles