ദില്ലി : നിലവിലെ ഇ.ഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി സെപ്റ്റംബർ 15 വരെ സുപ്രീം കോടതി നീട്ടി. വിശാലമായ പൊതു താത്പര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതെ സമയം സെപ്റ്റംബർ 15-ന് ഇ.ഡി. ഡയറക്ടർ സ്ഥാനത്ത് തുടരാൻ മിശ്രയ്ക്ക് കഴിയില്ലെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഭീകരർക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിന് ഫിനാൻഷ്യൽ ടാസ്ക് ആക്ഷൻ ഫോർസിന്റെ യോഗം നടക്കുന്ന സാഹചര്യത്തിൽ നിലവിലെ ഡയറക്ടറുടെ കാലാവധി ഒക്ടോബർ 15 വരെ നീട്ടി നൽകണമെന്നാണ് കേന്ദ്ര സർക്കാർ കോടതിയിൽ അഭ്യർത്ഥിച്ചിരുന്നത് . അവലോകന യോഗവുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലാണെന്നും അതിനാൽ ഇ.ഡി. ഡയറക്ടർ സ്ഥാനത്ത് മിശ്ര തുടരേണ്ടത് ആവശ്യമാണെന്നും സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വാദിച്ചിരുന്നു.
2010-ലാണ് ഫിനാൻഷ്യൽ ടാസ്ക് ആക്ഷൻ ഫോർസിന്റെ അവലോകനം അവസാനമായി നടന്നത്. 2019-ൽ അവലോകനം നടക്കേണ്ടത് ആയിരുന്നുവെങ്കിലും കോവിഡ് മഹാമാരി അത് നടന്നില്ല. ഇപ്പോൾ നടക്കുന്ന അവലോകന യോഗം ഇന്ത്യക്ക് പ്രധാനപ്പെട്ടതാണെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്.വി. രാജു ചൂണ്ടിക്കാട്ടി. ഒരു അയൽ രാജ്യം ഇന്ത്യയെ കരിമ്പട്ടികയിൽപെടുത്താനുള്ള ശ്രമം നടത്തുകയാണെന്നും എസ്.വി. രാജു കോടതിയിൽ വ്യക്തമാക്കി.

