Tuesday, September 22, 2026

വിവാഹം കഴിഞ്ഞിട്ടും ഫീസ് നൽകിയില്ല!! യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച ബ്രോക്കർ പിടിയിൽ

​വെള്ളരിക്കുണ്ട്: കല്യാണത്തിന് ഇടനില നിന്നതിന്റെ ബ്രോക്കർ ഫീസ് നൽകിയില്ലെന്നാരോപിച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. മാലോം സ്വദേശി അച്ചാർ ബേബി എന്നറിയപ്പെടുന്ന ജോർജിനെയാണ് (55) ചിറ്റാരിക്കാൽ പോലീസ് അറസ്റ്റ് ചെയ്തത്. പറമ്പ വരിക്കത്തൊടിയിൽ വി.വി. എബ്രഹാമിന് നേരെയാണ് ആക്രമണമുണ്ടായത്.

​കഴിഞ്ഞ നാലാം തീയതിയായിരുന്നു സംഭവം. എബ്രഹാമിന്റെ വിവാഹത്തിന് ഇടനിലക്കാരനായി പ്രവർത്തിച്ചത് ജോർജായിരുന്നു. എന്നാൽ ഇതിന്റെ പ്രതിഫലം ലഭിച്ചില്ലെന്ന് ആരോപിച്ച് എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കടയിലെത്തിയ പ്രതി, അവിടെവെച്ച് വാക്കേറ്റമുണ്ടാക്കുകയും വടിവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ എബ്രഹാമിന്റെ രണ്ട് വിരലുകൾ അറ്റുപോയി.

​ഗുരുതരമായി പരിക്കേറ്റ എബ്രഹാം നിലവിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ എബ്രഹാമിന്റെ ഭാര്യ സുനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles