Monday, September 28, 2026

വെടിയുണ്ട തപ്പി പൊലീസ്, വലിയ ഏമാന്മാർ കുടുങ്ങും

തിരുവനന്തപുരം: വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങുന്നു. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍മാരെയും അസിസ്റ്റന്റ് കമാണ്ടര്‍മാരെയും ചോദ്യം ചെയ്യും. നിലവിലെ അസിസ്റ്റന്റ് കമാണ്ടന്റ് ഷാജിമോന്‍ ഇന്‍സ്‌പെക്ടറായിരുന്നപ്പോള്‍ മൂവായിരത്തിലധികം തിരകള്‍ കാണാതായി എന്നാണ് വിവരാവകാശ രേഖ. എസ്എപി കമാണ്ടന്റാണ് വിവരാവകാശ പ്രകാരം തിരകള്‍ കാണിനില്ലെന്ന് മറുപടി നല്‍കിയത്.

അതേസമയം, കേസില്‍ അറസ്റ്റിലായ എസ്‌ഐ റെജി ബാലചന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. റെജിയെ മാര്‍ച്ച് 10 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കേരളാ പൊലീസിന്റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകള്‍ കാണാതായ കേസില്‍ ക്രൈംബ്രാഞ്ച് നടപടികള്‍ കടുപ്പിച്ചതോടെയാണ് റെജിയുടെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്. വെടിയുണ്ടകള്‍ കാണാതായ കേസില്‍ 11 പൊലീസുകാരെ പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത് .

എസ്എപി ക്യാംപില്‍ വെടിയുണ്ടകളുടെയും ആയുധങ്ങളുടെയും ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് റെജി ബാലചന്ദ്രന്‍. റെജിക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന വിവരത്തില്‍ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് നടപടി എടുത്തത്. വെടിയുണ്ടകള്‍ കാണായാതായ സംഭവവുമായി ബന്ധപ്പെട്ട ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്‍പതാം പ്രതിയാണ് റെജി ബാലചന്ദ്രന്‍. ഇപ്പോള്‍ കേരള ആംഡ് പൊലീസ് ബറ്റാലിയന്‍ മൂന്നിലെ എസ്‌ഐയാണ്.

കേരള പൊലീസിന്റെ കയ്യിലുണ്ടായിരുന്ന തോക്കുകളും തിരകളും കാണാതായിട്ടുണ്ടെന്ന സിഎജി കണ്ടെത്തല്‍ വാര്‍ത്തയും വിവാദമായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. എസ്എപി ക്യാമ്പില്‍ നിന്നും 12000ത്തിലധികം വെടിയുണ്ടകള്‍ കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. സിഎജി റിപ്പോര്‍ട്ട് ശരിവെച്ചാണ് ക്രൈം ബ്രാഞ്ചിന്റെ നടപടി. വെടിയുണ്ടകളുടെ അന്വേഷണം നടക്കുമ്പോള്‍ കാണാതായ വെടിയുണ്ടകള്‍ക്കു പകരം ഡമ്മി വെടിയുണ്ടകളും എസ്എപിയുടെ അയുധപുരയില്‍ പൊലീസുകാര്‍ കൊണ്ടുവച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാന്‍ സനല്‍ അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്.

Related Articles

Latest Articles