മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, ‘ഗസ്റ്റ് ഹൗസ് അനുവദിച്ച വാഹനമാണ് താന്‍ ഉപയോഗിച്ചത്’ എന്ന മന്ത്രിയുടെ പ്രധാന വാദം പൂര്‍ണ്ണമായും പൊളിയുന്നു. ഗസ്റ്റ് ഹൗസ് അധികൃതരുടെ വെളിപ്പെടുത്തലുകളും പിന്നാലെ ഉയര്‍ന്ന പുതിയ ആരോപണങ്ങളും ചേര്‍ന്ന് വലിയ രാഷ്ട്രീയ വിവാദത്തിലേക്കാണ് വഴിതുറന്നിരിക്കുന്നത്.
മന്ത്രിയുടെ ഓഫീസ് കാസര്‍കോട് ഗസ്റ്റ് ഹൗസിനോട് ‘ഇന്നോവ ക്രിസ്റ്റ’ കാറായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഗസ്റ്റ് ഹൗസില്‍ അന്ന് ലഭ്യമായിരുന്നത് ‘നോര്‍മല്‍ ഇന്നോവ’ മാത്രമായിരുന്നു. കണ്ണൂരിലെ ഔദ്യോഗിക വാഹനം മറ്റ് പരിപാടികള്‍ക്കായി മാറ്റിയിരുന്നതിനാല്‍ ഗസ്റ്റ് ഹൗസില്‍ നിന്ന് വാഹനം വിട്ടുനല്‍കാന്‍ സാധിച്ചില്ല. തുടര്‍ന്ന് മറ്റൊരു വാഹനം സ്വകാര്യമായി ഏര്‍പ്പാട് ചെയ്യാനോ അനുമതി നല്‍കാനോ ഗസ്റ്റ് ഹൗസ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നില്ലെന്ന് മാനേജര്‍ വ്യക്തമാക്കി. എന്നാല്‍ ഗസ്റ്റ് ഹൗസ് ഏര്‍പ്പാടാക്കിയതാണെന്ന് കാട്ടി മന്ത്രി പ്രാദേശിക മുസ്ലിം ലീഗ് നേതാവിന്റെ ഇന്നോവ ഹൈക്രോസ് ഔദ്യോഗിക യാത്രക്കായി ഉപയോഗിക്കുകയായിരുന്നു.
മാധ്യമങ്ങള്‍ ചോദിക്കാതെ തന്നെ, നിയമാനുസൃതമായ നടപടികള്‍ പാലിച്ചാണ് ഗസ്റ്റ് ഹൗസ് വാഹനം ഉപയോഗിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് അവകാശപ്പെട്ടിരുന്നു. ആരോപണങ്ങള്‍ സിപിഐഎം സൈബര്‍ വിഭാഗം കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരെയുള്ള വ്യാജ പ്രചരണമാണെന്നും കെ.എം. ഷാജി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഗസ്റ്റ് ഹൗസ് രേഖകളും മാനേജരുടെ പ്രതികരണവും മന്ത്രിയുടെ ഈ വാദങ്ങളിലെ വീഴ്ച തുറന്നുകാട്ടുന്നു. വിവാദങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് റേഞ്ച് റോവര്‍ ആഡംബര കാറിന് മുന്നില്‍ മന്ത്രി കെ.എം. ഷാജിയും മദ്യ വ്യവസായി ജോണ്‍ സേവ്യറും നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.
ചിത്രങ്ങള്‍ വ്യാജമാണെന്നും / എ.ഐ നിര്‍മ്മിതമാണെന്നും, ബാര്‍ ഉടമയുമായുള്ള ചിത്രം ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതാണെന്നുമാണ് ഷാജിയുടെ വിശദീകരണം. സ്വകാര്യ ആഡംബര വാഹനങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നതും, സര്‍ക്കാറിന്റെ ദേശീയ പതാകയും ബോര്‍ഡും ദുരുപയോഗം ചെയ്യുന്നതും മോട്ടോര്‍ വാഹന നിയമങ്ങള്‍ക്കും മന്ത്രിമാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഗതാഗത കമ്മീഷണര്‍ക്കും സര്‍ക്കാരിനും പരാതി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഔദ്യോഗിക ബോര്‍ഡും പതാകയും സ്വകാര്യ വ്യക്തിയുടെ ആഡംബര വാഹനത്തില്‍ ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്.
സ്വകാര്യ വ്യക്തികളില്‍ നിന്നും വ്യവസായികളില്‍ നിന്നും വാഹനങ്ങള്‍ സ്വീകരിക്കുന്നത് പരസ്പര സാമ്പത്തിക/രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള സ്വാധീന ദുരുപയോഗമാണെന്ന ആരോപണം ശരിവെക്കുന്നു. വാഹനം കേടായതിനാലാണ് സ്വകാര്യ വാഹനം ഉപയോഗിച്ചതെന്നും പ്രോട്ടോക്കോള്‍ അനുമതിയുണ്ടെന്നുമാണ് സര്‍ക്കാരും ഭരണപക്ഷവും വിശദീകരിക്കുന്നതെങ്കിലും, ഗസ്റ്റ് ഹൗസ് രേഖകളില്‍ ഇതിന്റെ യാതൊരു തെളിവുമില്ലാത്തത് പ്രതിപക്ഷത്തിന് ശക്തമായ ആയുധമായി മാറി.

