Friday, May 10, 2024
spot_img

തമിഴ്നാട്ടിലേക്ക് കേരളത്തിൽ നിന്ന് ഇന്നുമുതൽ വീണ്ടും ബസുകൾ: കെഎസ്ആര്‍ടിസിയും ഓടിത്തുടങ്ങും

ചെന്നൈ: കേരളത്തിൽ നിന്നും പൊതുഗതാഗത സർവീസുകൾ ആരംഭിക്കാൻ അനുമതി നൽകി തമിഴ്നാട് സർക്കാർ. കെഎസ്ആർടിസി ബസുകളും ചെന്നൈയിൽ നിന്നടക്കമുള്ള സ്വകാര്യ ബസുകളും ഇന്നുമുതൽ കേരളത്തിലേയ്ക്ക് സർവീസ് നടത്തും. ഇക്കാര്യം ആവശ്യപ്പെട്ടു കേരള ഗതാഗത മന്ത്രി ആന്റണി രാജു തമിഴ്നാടിനു കത്തയച്ചിരുന്നു.

ഇതോടെ മണ്ഡല കാലത്ത് കെഎസ്ആർടിസി തമിഴ്നാട്ടിലേക്കു പ്രത്യേകമായി നടത്തിയിരുന്ന 69 സർവീസുകളും പുനരാരംഭിക്കുമെന്ന് കേരള ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. തിരുവനന്തപുരം – നാഗർകോവിൽ, പാലക്കാട് – കോയമ്പത്തൂർ സർവീസുകളും കൊട്ടാരക്കര, എറണാകുളം, കോട്ടയം മേഖലകളിൽ നിന്നുള്ള സംസ്ഥാനാന്തര ബസുകളും ഇന്ന് ഓടിത്തുടങ്ങും. പാലക്കാടു നിന്ന് കോയമ്പത്തൂരിലേക്കാകും ആദ്യ സർവ്വീസ്.

അയൽ സംസ്ഥാനങ്ങളായ ആന്ധ്രയിലേക്കും കർണാടകയിലേക്കും ബസ് സർവീസുകൾ ഉണ്ടായിരുന്നെങ്കിലും കേരളത്തിലേക്കും തമിഴ്നാട്ടിലേക്ക് തിരിച്ചും ബസ് സർവീസുകൾ ഉണ്ടായിരുന്നില്ല. കേരളത്തിലെ കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

Related Articles

Latest Articles