Monday, October 5, 2026

എട്ടുവയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത ശേഷം കഴുത്ത് മുറിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തു; 36കാരനായ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

ദില്ലി: എട്ടുവയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇറച്ചുവെട്ടുകാരൻ ദില്ലി പൊലീസിന്റെ പിടിയിൽ. സെൻട്രൽ ദില്ലിയിലെ യമുന ഖാദർ വനമേഖലയിലാണ് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത നിലയിൽ കണ്ടെത്തിയത്. കേസിൽ 36 കാരനായ ബാദ്ഷാ എന്ന റിസ്വാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് പെൺകുട്ടിയുടെ കഴുത്ത് മുറിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി. ബിഹാർ സ്വദേശിയായി ജനിച്ച ബാദ്ഷാ 20 വർഷം മുമ്പ് ജോലിക്കായി ദില്ലിയിൽ എത്തിയതാണ്. തുർക്ക്മാൻ ഗേറ്റ് ഏരിയയിൽ കശാപ്പുകാരനായി ജോലി ചെയ്യുകയാണെന്നും പൊലീസ് പറഞ്ഞു.

മയക്കുമരുന്നിന് അടിമയായ റിസ്‌വാൻ കഞ്ചാവ് വലിക്കാൻ പതിവായി യമുന ഖാദറിൽ പോകാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ദര്യ​ഗഞ്ച് സ്വദേശിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ഓ​ഗസ്റ്റ് അഞ്ചിന് പുലർച്ചെ പിതാവാണ് പെൺകുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. അയൽപക്കത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടർന്ന് ഇയാൾ പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം വികൃതമായ നിലയിൽ ഓ​ഗസ്റ്റ് 18ന് യമുന ഖാദർ മേഖലയിൽ കണ്ടെത്തിയത്. ശേഷം കേസ് അന്വേഷിക്കാൻ 50 പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ രൂപീകരിച്ചു.

സമീപത്തെ സിസിടിവി ക്യാമറകളെല്ലാം പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. യമുന ഖാദർ പ്രദേശത്തും പരിസരത്തുമായി താമസിക്കുന്ന 200 ഓളം ആളുകളെ പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുന്നതിനായി ചോദ്യം ചെയ്തു. ഇതിനിടെ കശാപ്പുകാരനായ ബാദ്ഷാ കുട്ടിയെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടെന്നും മിഠായി നൽകി സൗഹൃദം സ്ഥാപിച്ചിരുന്നതായും രഹസ്യ വിവരം ലഭിച്ചു. സംഭവ ദിവസം റിസ്‌വാൻ യമുന ഖാദറിൽ എത്തിയിരുന്നുവെന്ന് വ്യക്തമായി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

Related Articles

Latest Articles