Sunday, September 20, 2026

‘Bye-bye, Papa’… 21കാരിയെ കാണാതായതിന് പിന്നിലെന്ത്? അന്വേഷണം തുടരുന്നു

ഒരു ഫോൺകോളിലെ അവസാന വാക്കുകൾ, പിന്നെ ഒരു 21കാരിയെ കാണാതാകുന്നു. പക്ഷേ ഈ സംഭവത്തിന് പിന്നിലെ യഥാർത്ഥ ചോദ്യം അവൾക്ക് ആ നിമിഷത്തിൽ എന്താണ് സംഭവിച്ചിരുന്നത്? ജമ്മു കശ്മീരിലെ ദോഡയിൽ നിന്നുള്ള പായൽ ദേവിയെ കാണാതായ സംഭവമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

പിതാവായ കൃഷ്ണ ലാലുമായി ഫോണിൽ സംസാരിക്കുന്നതിനിടെ “Bye-bye, Papa” എന്ന് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. പിന്നീട് ചനാബ് നദിയുടെ ഭാഗത്തേക്ക് പോയതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. പായലിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്? സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണ് എന്നതിൽ അന്വേഷണം തുടരുകയാണ്.അതുകൊണ്ട് തന്നെ ഇത് ആത്മഹത്യാശ്രമമാണെന്ന് ഇപ്പോൾ തന്നെ പറയാൻ കഴിയില്ല. ഒരു ഫോൺകോളിലെ വാക്കുകൾ മാത്രം ഉപയോഗിച്ച് ഒരാളുടെ മാനസികാവസ്ഥയും തീരുമാനത്തിന്റെ കാരണവും നിർണ്ണയിക്കാനും കഴിയില്ല. പക്ഷേ ഈ സംഭവം ഉയർത്തുന്ന ചോദ്യം വളരെ വലുതാണ്.

എന്തുകൊണ്ടാണ് ഇന്നത്തെ യുവതലമുറയുടെ മാനസിക സമ്മർദ്ദത്തെ നമ്മൾ പലപ്പോഴും അവസാന നിമിഷം വരെ തിരിച്ചറിയാതെ പോകുന്നത്?

15 മുതൽ 29 വയസ്സുവരെയുള്ള യുവതീയുവാക്കളിൽ ആത്മഹത്യ പ്രധാന മരണകാരണങ്ങളിലൊന്നായി തുടരുന്നു. WHOയുടെ കണക്കുകൾ പ്രകാരം ഈ പ്രായവിഭാഗത്തിൽ ആത്മഹത്യ മൂന്നാമത്തെ പ്രധാന മരണകാരണമാണ്. ഇന്ത്യയിലും 15–29 പ്രായക്കാരെ പ്രത്യേകമായി ദുർബലമായ വിഭാഗമായി WHO ചൂണ്ടിക്കാണിക്കുന്നു. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് ഒരു പ്രധാന കാര്യമാണ്. യുവതയുടെ പ്രശ്നങ്ങൾ എല്ലായ്പ്പോഴും പുറത്തുനിന്നുള്ളവർക്ക് വലിയ പ്രശ്നങ്ങളായി തോന്നണമെന്നില്ല.ഒരു ബന്ധം തകരുന്ന അവസ്ഥ, കുടുംബത്തിലെ പ്രശ്നം,പഠനത്തിലെ പരാജയം,ജോലിയെക്കുറിച്ചുള്ള സമ്മർദ്ദം,സാമ്പത്തിക പ്രശ്നങ്ങൾ,ഒറ്റപ്പെടൽ അല്ലെങ്കിൽ ആരോടും പറയാൻ കഴിയാത്ത വ്യക്തിപരമായ ഒരു വിഷമം. ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം കാരണമാകണമെന്നില്ല. പലപ്പോഴും പല സമ്മർദ്ദങ്ങളും ഒരുമിച്ച് വന്നാണ് ഒരാളുടെ മാനസികാവസ്ഥയെ ബാധിക്കുന്നത്.

ആത്മഹത്യയുടെ കാരണങ്ങൾ പലതരത്തിലുള്ള സാമൂഹിക, മാനസിക, സാമ്പത്തിക, വ്യക്തിപരമായ ഘടകങ്ങളുടെ കൂട്ടായ സ്വാധീനമായിരിക്കാം. ചില സംഭവങ്ങൾ പെട്ടെന്നുള്ള പ്രതിസന്ധി ഘട്ടങ്ങളുമായി ബന്ധപ്പെട്ടും ഉണ്ടാകാം. ഇവിടെയാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പങ്ക്. ഒരു യുവത പെട്ടെന്ന് എല്ലാവരിൽ നിന്നും അകന്നുപോകുമ്പോൾ,പതിവായി സംസാരിച്ചിരുന്ന ഒരാൾ പെട്ടെന്ന് മിണ്ടാതാകുമ്പോൾ,തുടർച്ചയായി വിഷമിക്കുന്നതായി തോന്നുമ്പോൾ, അത് “അവന്റെ സ്വഭാവമാണ്”, “അവൾക്ക് ചെറിയ പ്രശ്നമാണ്” എന്ന് പറഞ്ഞ് മാറ്റിവയ്ക്കുന്നതിന് പകരം, ഒരിക്കൽ എങ്കിലും “നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?” എന്ന് ചോദിക്കേണ്ടതുണ്ട്.

കാരണം പല യുവതീയുവാക്കളും അവരുടെ പ്രശ്നം തുറന്ന് പറയാൻ പോലും കഴിയാത്ത അവസ്ഥയിലായിരിക്കാം. ഇന്നത്തെ ഡിജിറ്റൽ ലോകവും ഇതിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങൾ പലപ്പോഴും മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യാൻ ഇടയാക്കാറുണ്ട്. ഇത് നിരസിക്കപ്പെട്ടു എന്ന തോന്നലും ഏകാന്തതയും കൂടുതൽ ശക്തമാക്കും. എങ്കിലും ഇതിന് കാരണം സാമൂഹിക മാധ്യമങ്ങൾ മാത്രമാണെന്ന് പറയാനാകില്ല, ഓരോരുത്തരുടെയും സാഹചര്യങ്ങൾ വ്യത്യസ്തമാണ്. ഡിജിറ്റൽ മാധ്യമങ്ങൾ മാനസികാരോഗ്യത്തെ നല്ല രീതിയിലും ചീത്ത രീതിയിലും ബാധിക്കാമെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കുന്നുണ്ട്.

അതിനാൽ നമ്മൾ ചെയ്യേണ്ടത് വിധിയെഴുതുകയല്ല. “യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?” എന്ന ചോദ്യത്തിന് അന്വേഷണത്തിൽ നിന്ന് വ്യക്തമായ ഉത്തരം ലഭിക്കുന്നതുവരെ കാത്തിരിക്കുകയാണ് വേണ്ടത്. എന്നാൽ ഈ സംഭവം നമ്മളോട് മറ്റൊരു പ്രധാന ചോദ്യം കൂടി ചോദിക്കുന്നുണ്ട്. നമ്മുടെ ചുറ്റുമുള്ള യുവാത ശരിക്കും എങ്ങനെയുണ്ട് എന്ന് നമ്മൾ ചോദിക്കുന്നുണ്ടോ? ഒരു യുവത പെട്ടെന്ന് മൗനത്തിലാകുന്നത്, മറ്റുള്ളവരിൽ നിന്ന് അകന്ന് ഒറ്റയ്ക്ക് ഇരിക്കാൻ തുടങ്ങുന്നത്,പെട്ടെന്ന് വൈകാരികമായി മാറുന്നത്, തുടർച്ചയായി പ്രതീക്ഷയില്ലായ്മ പ്രകടിപ്പിക്കുന്നത്,ഇത്തരം മാറ്റങ്ങളെ “ചെറിയ കാര്യമല്ലേ” എന്ന് പറഞ്ഞ് അവഗണിക്കാതെ ശ്രദ്ധിക്കേണ്ടതുണ്ട്.
കാരണം, ഒരു വ്യക്തിയുടെ മനസ്സിനുള്ളിൽ എന്താണ് നടക്കുന്നതെന്ന് പുറത്തുനിന്ന് മാത്രം മനസ്സിലാക്കാൻ എല്ലായ്പ്പോഴും കഴിയണമെന്നില്ല.

ഇവയെല്ലാം കണ്ടാൽ ഉടൻ ഒരു കാരണം കണ്ടെത്തേണ്ടതില്ല.ആദ്യം സംസാരിക്കണം. കേൾക്കണം. ആവശ്യമെങ്കിൽ വിശ്വസിക്കാവുന്ന ഒരു മുതിർന്നയാളുടെയോ, മാനസികാരോഗ്യ വിദഗ്ധന്റെയോ സഹായം തേടണം. കാരണം ചിലപ്പോൾ അത് പരിഹാരം എന്നതിലുപരി കൂടെയുണ്ടെന്ന ഉറപ്പായിരിക്കാം.

Related Articles

Latest Articles