Saturday, May 18, 2024
spot_img

‘ബന്ദികളാക്കിയ മുഴുവൻ ആളുകളേയും തിരിച്ചെത്തിക്കുന്നത് വരെ വെടിനിർത്തലിനുള്ള ആഹ്വാനങ്ങളെ പരിഗണിക്കില്ല’; വെടിനിർത്തലിനുള്ള അറബ് രാജ്യങ്ങളുടെ ആഹ്വാനം തള്ളി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ്: ഹമാസ് ഭീകരവാദികൾ ബന്ദികളാക്കിയ മുഴുവൻ ആളുകളേയും തിരിച്ചെത്തിക്കുന്നത് വരെ വെടിനിർത്തലിനുള്ള ആഹ്വാനങ്ങളെ പരിഗണിക്കില്ലെന്ന ഉറച്ച നിലപാടുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 240ലധികം നിരപരാധികളെയാണ് ഹമാസ് ഭീകരവാദികൾ ബന്ദികളാക്കി വച്ചിരിക്കുന്നത്. ഇവരെ എത്രയും വേഗം രാജ്യത്തേക്ക് സുരക്ഷിതരായി തിരികെ എത്തിക്കുക എന്നതിനാണ് എല്ലായ്‌പ്പോഴും പരിഗണന കൊടുക്കുന്നതെന്ന് യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ നെതന്യാഹു വ്യക്തമാക്കിയിരുന്നു.

ബന്ദികളാക്കപ്പെട്ടവരെ ഇസ്രായേലിലേക്ക് തിരികെ എത്തിക്കാതെ വെടിനിർത്തൽ സംഭവിക്കാൻ പോകുന്നില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. റാമോൺ എയർഫോഴ്‌സ് ബേസിലെ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ സുഹൃത്തുക്കളോടും ശത്രുക്കളോടും ഇക്കാര്യം ആവർത്തിച്ച് പറയുകയാണ്. ഹമാസിനെ പരാജയപ്പെടുത്തുന്നത് വരെ ഞങ്ങൾ പോരാടും. മറ്റൊരു ബദൽ മാർഗം ഇവിടെ ഉണ്ടാകാൻ പോകുന്നില്ലെന്നും നെതന്യാഹു പറഞ്ഞു.

ഖത്തർ, സൗദി, ഈജിപ്ത്, ജോർദാൻ, യുഎഇ തുടങ്ങിയ അറബ് രാജ്യങ്ങളിൽ നിന്നുള്ള വിദേശമന്ത്രിമാർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തുകയും, വെടിനിർത്തൽ നടപ്പാക്കാൻ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിക്കൊണ്ടാണ് നെതന്യാഹുവിന്റെ പ്രസ്താവന. എന്നാൽ വെടിനിർത്തൽ നടപ്പാക്കണമെന്ന അറബ് രാജ്യങ്ങളുടെ ആവശ്യത്തെ ആന്റണി ബ്ലിങ്കനും തള്ളിയിരുന്നു.

Related Articles

Latest Articles