കാനഡയും ചൈനയും തമ്മിലുള്ള പുതിയ വ്യാപാര നീക്കങ്ങളെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. ചൈനയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെട്ടാൽ കാനഡയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് മേൽ 100 ശതമാനം നികുതി ചുമത്തുമെന്ന ട്രമ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ, അത്തരമൊരു കരാറിന് തങ്ങൾക്ക് ഉദ്ദേശ്യമില്ലെന്ന് മാർക്ക് കാർണി വ്യക്തമാക്കി. ചൈനയുമായുള്ള നിലവിലെ ധാരണ ഏതാനും ചില മേഖലകളിലെ നികുതി പ്രശ്നങ്ങൾ പരിഹരിക്കാൻ മാത്രമുള്ളതാണെന്നും കാർണി ടൊറന്റോയിൽ പറഞ്ഞു.
കാനഡയെ ചൈന പൂർണ്ണമായും കൈക്കലാക്കുകയാണെന്നും ഇത് വലിയ ദുരന്തമാണെന്നും ട്രമ്പ് സോഷ്യൽ മീഡിയയിലൂടെ പരിഹസിച്ചു. ചൈനീസ് ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കടത്താനുള്ള ഒരു ‘ഡ്രോപ്പ് ഓഫ് പോർട്ട്’ ആയി കാനഡയെ മാറാൻ അനുവദിക്കില്ലെന്ന് ട്രമ്പ് ആവർത്തിച്ചു. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമായി ചേർക്കുന്നതിനെക്കുറിച്ചും ഗ്രീൻലാൻഡ് സ്വന്തമാക്കുന്നതിനെക്കുറിച്ചും ട്രമ്പ് നടത്തുന്ന പരാമർശങ്ങൾ നാറ്റോ സഖ്യകക്ഷികൾക്കിടയിൽ വലിയ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. കാനഡയും വെനസ്വേലയും ക്യൂബയുമെല്ലാം അമേരിക്കയുടെ ഭാഗമായി കാണിക്കുന്ന എഡിറ്റ് ചെയ്ത ഒരു ഭൂപടവും ട്രമ്പ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.
ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയിരുന്ന 100 ശതമാനം നികുതി കുറയ്ക്കാനുള്ള കാർണിയുടെ തീരുമാനമാണ് ട്രമ്പിനെ ചൊടിപ്പിച്ചത്. പകരം കാനഡയുടെ പന്നിയിറച്ചി, സമുദ്രവിഭവങ്ങൾ എന്നിവയ്ക്ക് ചൈന ഏർപ്പെടുത്തിയിരുന്ന ഉയർന്ന നികുതി കുറയ്ക്കാനാണ് ധാരണയായത്. എന്നാൽ അമേരിക്കയും മെക്സിക്കോയും കാനഡയും തമ്മിലുള്ള വ്യാപാര കരാർ (USMCA) പ്രകാരം ഇത്തരം നീക്കങ്ങൾ നടത്തുന്നതിന് മുൻപ് അമേരിക്കയെ അറിയിക്കണമെന്ന വ്യവസ്ഥ കാർണി ലംഘിച്ചുവെന്നാണ് ട്രമ്പിന്റെ ആരോപണം. ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ ട്രമ്പിന്റെ നയങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ട് കാർണി നടത്തിയ പ്രസംഗം ഇരുനേതാക്കളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്.

