കനേഡിയൻ നഗരമായ വാൻകൂവറിൽ നടന്ന ഒരു റാലി റിപ്പോർട്ട് ചെയ്യുന്നതിനിടെ ഖലിസ്ഥാൻ ഭീകരർ തന്റെ ഫോൺ തട്ടിയെടുത്ത് കൈയ്യേറ്റം ചെയ്തതായി കനേഡിയൻ പത്രപ്രവർത്തകനായ മോച്ച ബെസിർഗൻ .
ഇന്ന് വാൻകൂവർ നഗരത്തിൽ നടന്ന റാലിക്കിടെയായിരുന്നു സംഭവം. ഖലിസ്ഥാൻ ഭീകരർ കൊള്ളക്കാരെപ്പോലെയാണ് പെരുമാറിയതെന്നും അവരുടെ ഭീഷണി തന്നെ ഭയപ്പെടുത്തുന്ന തരത്തിലായിരുന്നുവെന്നും സമൂഹ മാദ്ധ്യമമായ എക്സിൽ പങ്കുവച്ച വീഡിയോയിൽ ബെസിർഗൻ പറഞ്ഞു.
“രണ്ട് മണിക്കൂർ മുമ്പാണ് ഇത് സംഭവിച്ചത്, ഞാൻ ഇപ്പോഴും വിറയ്ക്കുകയാണ്. കൊള്ളക്കാരെപ്പോലെ പെരുമാറിയ ഒരു കൂട്ടം ഖാലിസ്ഥാനികൾ എന്നെ വളഞ്ഞു. അവർ എന്നെ ഭീഷണിപ്പെടുത്തി, കൈയ്യേറ്റം ചെയ്തു. എന്റെ കയ്യിൽ നിന്ന് ഫോൺ തട്ടിയെടുത്തു.മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഘാതകർ ഉൾപ്പെടെയുള്ളവരെ ആദരിക്കാനാണ് ഖലിസ്ഥാനികൾ ഒത്തുകൂടിയത്. ഒരാൾ എന്റെ അടുത്തേക്ക് വന്ന് എന്നെ ചോദ്യം ചെയ്യാൻ തുടങ്ങി. അയാൾ എന്റെ വളരെ അടുത്തു വന്നു… പിന്നെ, പെട്ടെന്ന്, രണ്ടോ മൂന്നോ പേർ എന്നെ വളഞ്ഞു. എനിക്ക് രക്ഷപ്പെടാൻ ഒരു വഴിയുമില്ലായിരുന്നു,” -ബെസിർഗൻ പറഞ്ഞു.
“ഞാൻ എന്റെ ക്യാമറയിൽ റെക്കോർഡിംഗ് ആരംഭിച്ചയുടനെ, അവർ മുഖം തിരിച്ചു, പക്ഷേ ഒരാൾ എന്റെ നേരെ നീങ്ങിക്കൊണ്ടിരുന്നു, ഒടുവിൽ എന്റെ കൈയിൽ നിന്ന് എന്റെ ഫോൺ പിടിച്ചുവാങ്ങി…എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്യാൻ പോകുന്ന ദൃശ്യങ്ങളിൽ റാലിയിൽ ഉടനീളം അയാൾ എന്നെ പിന്തുടരുന്നതും ആ ദൃശ്യങ്ങളിൽ കാണാനാകും.”- ബെസിർഗൻ കൂട്ടിച്ചേർത്തു

