Thursday, November 19, 2026

“സഹികെട്ടാണ് കേരളത്തിന് പുറത്ത് മറ്റൊരിടത്ത് നിക്ഷേപിക്കാൻ തീരുമാനിക്കുന്നത് ! കേരളം ആരുടെയും പിതൃസ്വത്തല്ല.”പി. രാജീവിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും തുറന്നടിച്ച് കിറ്റക്‌സ് എംഡി സാബു ജേക്കബ്

കൊച്ചി: വ്യവസായ മന്ത്രി പി. രാജീവിനെതിരേയും സംസ്ഥാന സര്‍ക്കാരിനെതിരേയും തുറന്നടിച്ച് കിറ്റക്‌സ് എംഡി സാബു ജേക്കബ്. സഹികെട്ടാണ് കേരളത്തിൽ മറ്റൊരിടത്തേക്ക് നിക്ഷേപിക്കാൻ താൻ തീരുമാനിച്ചതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളസര്‍ക്കാരും എല്‍ഡിഎഫും ഉദ്യോഗസ്ഥരും എല്ലാവരുംകൂടി ഒന്നിച്ചുനിന്ന് കിറ്റക്‌സിനെ ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

“ഒരു ചെറിയ നിയമലംഘനംപോലും ഈ പ്രസ്ഥാനത്തിന്റെ പേരില്‍ കണ്ടുപിടിക്കാന്‍ സാധിച്ചില്ല. സഹികെട്ടാണ് അന്ന് 3500 കോടിരൂപ കേരളത്തില്‍നിന്ന് മാറി മറ്റെവിടേക്കെങ്കിലും നിക്ഷേപിക്കാൻ തീരുമാനിച്ചത്. ആന്ധ്ര വളരെ മോശമാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞത് അദ്ദേഹത്തിന്റെ പതിവാണ്.

കേരളം ഇന്ത്യാ രാജ്യത്തെ ഒരു സംസ്ഥാനമാണ്. അത് ആരുടെയും പിതൃസ്വത്തല്ല. അതാണ് മനസ്സിലാക്കേണ്ടത്. രാജീവ് പറയുന്നത് കേട്ടാല്‍ തോന്നും കേരളം അവരുടെ സ്വത്താണെന്ന്.

മനഃസമാധാനം കിട്ടണമെങ്കില്‍ ഞാന്‍ വിചാരിക്കണം എന്ന് പറയുന്നതിന് വലിയൊരു അര്‍ഥമുണ്ട്. വേണ്ടപ്പെട്ടവരെ വേണ്ടപോലെ കണ്ടാല്‍ എനിക്ക് മനഃസമാധാനം ഉറപ്പാണ്. അത് എനിക്കും അറിയാം. അങ്ങനെ ഒരു മനഃസമാധാനം ഞാന്‍ പ്രതീക്ഷിക്കുന്നില്ല. അതിന് ആരുടെയും ഔദാര്യം എനിക്ക് ആവശ്യമില്ല. ഇത് രാജീവിന്റെ പണമോ എല്‍ഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ചുണ്ടാക്കിയ സ്വത്താണത്. അത് എപ്പോൾ നിര്‍ത്തണം എപ്പോൾ പോകണം എന്ന് ഞാന്‍ തീരുമാനിക്കും.

ഇടതുമുന്നണി സംസ്ഥാനതലത്തില്‍തന്നെ ഈ പ്രസ്ഥാനങ്ങളെ അടച്ചുപൂട്ടാന്‍ സമരം നടത്തി. 565 ദിവസമാണ് സമരം നടത്തിയത്. അവസാനം ഹൈക്കോടതിയുടെ കര്‍ശനമായ നിര്‍ദേശമനുസരിച്ച് സമരം അവസാനിപ്പിച്ച് എഴുന്നേറ്റ് പോവുകയാണുണ്ടായത്.”- സാബു ജേക്കബ് പറഞ്ഞു.

Related Articles

Latest Articles