Tuesday, October 13, 2026

കൂടത്തായി, സീരിയലും സിനിമകളും ; നിര്‍മാതാക്കള്‍ ഇന്ന് കോടതിയില്‍ ഹാജരാകും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര പ്രമേയമായി സിനിമകളും സീരിയലും നിര്‍മ്മിക്കുന്നതിനെതിരെയുള്ള ഹര്‍ജി താമരശേരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, ഡിനി ഡാനിയേല്‍, ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ഇന്ന് കോടതിയില്‍ ഹാജരാകും. മരിച്ച റോയ് തോമസിന്റെ മക്കളും സഹോദരി രഞ്ചിയും നല്‍കിയ പരാതിയില്‍ ഹാജരാകണമെന്നറിയിച്ച് നേരത്തെ നോട്ടീസ് അയച്ചിരുന്നു.

നിര്‍മാതാക്കളുടെ പ്രതികരണം കോടതി ആരായും. ജോളിയുടെ മക്കളുടെ മാനസികാവസ്ഥ കണക്കിലെടുത്ത് സീരിയലും സിനിമയും നിമ്മിക്കുന്നത് തടയണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. താമരശേരി മുന്‍സിഫ് കോടതിയാണ് നിര്‍മാതാക്കളോട് ഹാജരാകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്‍വാദ് സിനിമാസിന്റെ ഉടമ ആന്റണി പെരുമ്പാവൂര്‍ കൂടത്തായി എന്ന പേരില്‍ സിനിമ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ ഇതിവൃത്തത്തില്‍ സിനിമയുടെ പ്രൊഡക്ഷന്‍ ആരംഭിച്ചിരുന്നു. ഒപ്പം മലാളത്തിലെ സ്വകാര്യ ചാനല്‍ കൂടത്തായി എന്ന ചലച്ചിത്ര പരമ്പര ഇന്ന് ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്.

കൂടത്തായി സംഭവത്തെ ഇതിവൃത്തമാക്കി എരിവും പുളിയും ചേര്‍ത്ത തിരക്കഥകളുമായി സിനിമകളും, സീരിയല്‍ പരമ്പരകളും വരുമ്പോള്‍ അത് ഇവരെ കൂടുതല്‍ ഒറ്റപ്പെടുത്തുന്നതും മാനസികഭാവി തന്നെ തകര്‍ക്കുന്നതുമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

Related Articles

Latest Articles