Thursday, March 28, 2024
spot_img

മീന്‍ വിഴുങ്ങി ആശുപത്രിയിലായി പൂച്ച; പിന്നീട് നടന്നത് ഇതാണ്


മീന്‍ കൊതിയന്മാരാണ് പൊതുവേ പൂച്ചകള്‍. ഏത് മുള്ളുള്ള മീനും പൂച്ചയുടെ മുമ്പില്‍ തോറ്റുപോകുമെന്നാണ് പറയാറ്. എന്നാല്‍ ഇവിടെ ഒരു മീന്‍ വിഴുങ്ങി കുടുങ്ങിപ്പോയ പൂച്ചയെ കുറിച്ചാണ് പറയുന്നത്. എറണാകുളം കുമ്പളങ്ങി സ്വദേശികളായ ശരത്തിന്റെയും സോനയുടെയും മോമു എന്ന പേര്‍ഷ്യന്‍ സുന്ദരിപ്പൂച്ചയാണ് മീന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായത്. കഴിഞ്ഞ ആഴ്ച്ച ഉടമസ്ഥര്‍ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു മോമു. ധാരാളം പാക്കറ്റ് ഭക്ഷണവും മറ്റും വീട്ടില്‍ തന്നെ നല്‍കാറുണ്ട് തങ്ങളുടെ അരുമയ്‌ക്കെന്ന് ഇവര്‍ പറയുന്നു.

എന്നാല്‍ നടത്തത്തിനിടെ വഴിയോരത്ത് നല്ല തിളക്കമുള്ള പച്ച മീന്‍ കണ്ടപ്പോള്‍ കൊതി സഹിക്കാതെ മോമു ഓടിച്ചെന്ന് വായിലാക്കി. മീന്‍ വിഴുങ്ങിയതും മോമു ആകെ കുടുങ്ങി. ചൂണ്ടക്കാര്‍ ഉപേക്ഷിച്ച മീനായിരുന്നു മോമു വിഴുങ്ങിയത്. മീനിനൊപ്പം ചൂണ്ട കൊളുത്തും നൈലോണ്‍ നൂലും ഉണ്ടായിരുന്നു. ഈ കൊളുത്ത് ചെറുകുടലിലാണ് കുടുങ്ങിയത്. ഉടന്‍ ഗുരുതരാവസ്ഥയിലായ മോമുവിനെ ശരതും സോനയും എറണാകുളം ജില്ലാവെറ്റിനറി ഹോസ്പിറ്റലില്‍ എത്തിച്ചു. എക്‌സറേയും സ്‌കാനിങ്ങും എടുത്തപ്പോഴാണ് ചെറുകുടലില്‍ ചൂണ്ട കൊളുുത്തി നില്‍ക്കുന്നത് കണ്ടത്.

നൂല്‍ പുറമേ നിന്ന് വലിഞ്ഞതിനാല്‍ കുടലിലും ധാരാളം മുറിവുകളുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലുള്ള മോമുവിനെ ജില്ലാ വെറ്റിനറി ഹോസ്പിറ്റലിലെ ഡോ. ഇന്ദിര,ഡോ. ലത്തീഫ്,ഡോ. പാര്‍വതി,ഡോ. ആനന്ദ് എന്നിവര്‍ ചേര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയമാക്കി. ജീവന്‍ രക്ഷപ്പെട്ട മോമു ഇനി മീന്‍ കണ്ടാല്‍ ഒന്നു പേടിച്ചേക്കും.ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ച വെള്ളം കണ്ടാലും ഒന്നു പേടിക്കുമല്ലോ?

Related Articles

Latest Articles