Saturday, April 27, 2024
spot_img

അഫ്ഗാനില്‍ സത്യപ്രതിജ്ഞ ഒഴിവാക്കി താലിബാന്‍ സര്‍ക്കാര്‍; ധൂര്‍ത്തൊഴിവാക്കാനെന്ന് വിശദീകരണം

മോസ്കോ: പുതിയ സർക്കാരിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഒഴിവാക്കിയതായി താലിബാൻ. ധൂര്‍ത്ത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് വേണ്ടെന്ന് വച്ചതെന്ന് താലിബാന്‍ വ്യക്തമാക്കി. പണവും മറ്റ് വിഭവങ്ങളും പാഴാക്കാതിരിക്കാനാണ് പരിപാടി ഒഴിവാക്കിയെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. നേരത്തെ, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ വാര്‍ഷികമായ സെപ്റ്റംബര്‍ 11ന് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്ന ചടങ്ങ് നടത്താനായിരുന്നു താലിബാന്റെ പദ്ധതി.

ചൈന, റഷ്യ, പാകിസ്ഥാന്‍, ഇറാന്‍, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളെയും ക്ഷണിച്ചിരുന്നു.ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് റഷ്യ നേരത്തെ അറിയിച്ചിരുന്നു. അതേസമയം, അനുകൂലിക്കുന്ന രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചടങ്ങ് ഒഴിവാക്കിയതെന്ന് ചില റിപ്പോർട്ടുകൾ പുറത്ത് വന്നിരിന്നു. താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്ന ചടങ്ങ് നടത്തുന്നത് തടയാന്‍ യുഎസും നാറ്റോയും ഖത്തറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം അഫ്ഗാനിസ്ഥാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലിഹിന്റെ സഹോദരനെ താലിബാന്‍ വെടിവെച്ചുകൊന്നു. വടക്കന്‍ പ്രവിശ്യയായ പഞ്ച്ഷീറില്‍ വെച്ചാണ് സഹോദരന്‍ റൂഹുല്ല അസീസിയെയും ഡ്രൈവറെയും താലിബാന്‍ വധിച്ചത്.

Related Articles

Latest Articles