Thursday, October 29, 2026

കാവേരി തർക്കം:അതോറിറ്റി ഉത്തരവ് കർണാടക തള്ളി;സുപ്രീം കോടതിയെ സമീപിച്ച് തമിഴ്‌നാട്

ദില്ലി : കാവേരി നദീജലം വിട്ടുനൽകുന്നതിൽ അയൽസംസ്ഥാനമായ കർണാടക തുടർച്ചയായി വീഴ്ച വരുത്തുന്നതിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെയും (CWMA) റെഗുലേഷൻ കമ്മിറ്റിയുടെയും (CWRC) ഉത്തരവുകൾ ലംഘിച്ച് കർണാടക ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് പ്രധാന ആരോപണം.

15 ദിവസത്തേക്ക് ബിലിഗുണ്ട്‌ലു അതിർത്തി വഴി പ്രതിസെക്കൻഡിൽ 3,500 ക്യൂസെക്‌സ് വീതം വെള്ളം തുറന്നുവിടാൻ അതോറിറ്റികൾ നിർദ്ദേശിച്ചിരുന്നെങ്കിലും, ജൂലൈ 29 മുതൽ ഓഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളിൽ വെറും 158 മുതൽ 550 ക്യൂസെക്‌സ് വരെ വെള്ളം മാത്രമാണ് നൽകിയത്. കൃഷ്ണരാജ സാഗർ, കബിനി, ഹേമാവതി, ഹരംഗി എന്നീ അണക്കെട്ടുകളിലായി ആകെ 77.537 ടി.എം.സി വെള്ളവും കനത്ത നീരൊഴുക്കും ഉണ്ടായിട്ടും വിഹിതം നൽകാൻ കർണാടക തയ്യാറാകുന്നില്ലെന്ന് കണക്കുകൾ നിരത്തി തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു.

നിലവിലെ ആനുപാതിക സൂത്രവാക്യപ്രകാരം ലഭിക്കേണ്ട 26.954 ടി.എം.സി വെള്ളമോ, അതോറിറ്റി താൽക്കാലികമായി നിർദ്ദേശിച്ച 4.536 ടി.എം.സി വെള്ളമോ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും, സമയബന്ധിതമായി ജലവിഹിതം ഉറപ്പാക്കാൻ പരമോന്നത കോടതി അടിയന്തരമായി ഇടപെടണമെന്നുമാണ് തമിഴ്‌നാടിന്റെ ആവശ്യം.

Related Articles

Latest Articles