Friday, October 9, 2026

ലാസ്റ്റ് ഗ്രേഡ് പരീക്ഷയിലെ ചോദ്യങ്ങൾ വിവാദത്തിൽ; സിജെപ്പിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ നീക്കം; പിഎസ്‌സിക്കെതിരെ എബിആർഎസ്എം നേതാവിന്റെ വിമർശനം

കൊല്ലം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് പ്രിലിമിനറി പരീക്ഷയിലെ ചില ചോദ്യങ്ങൾ വിവാദമായിരിക്കുകയാണ്. പരീക്ഷയിൽ ഉൾപ്പെടുത്തിയ ചോദ്യങ്ങൾ കൊക്രോച്ച് ജനതാ പാർട്ടിയ്ക്ക് അനാവശ്യ പ്രാധാന്യം നൽകുന്നതും ചരിത്രപരമായ വിഷയങ്ങളെ തെറ്റായ രീതിയിൽ അവതരിപ്പിക്കുന്നതുമാണെന്ന് അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് (എബിആർഎസ്എം) ദക്ഷിണ ക്ഷേത്ര പ്രമുഖ് പി. എസ്. ഗോപകുമാർ ആരോപിച്ചു.

പരീക്ഷയിലെ 34-ാമത്തെ ചോദ്യമായി “കൊക്രോച്ച് ജനതാ പാർട്ടി ആരംഭിച്ച ദിവസം ഏത്?” എന്ന ചോദ്യമാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിന് നാല് തീയതികളാണ് ഉത്തര ഓപ്ഷനുകളായി നൽകിയിരുന്നത്. എന്നാൽ, “കൊക്രോച്ച് ജനതാ പാർട്ടി” എന്ന പേരിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയോ സാംസ്കാരിക സംഘടനയോ നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗോപകുമാർ, ഇത്തരമൊരു കൂട്ടായ്മയെ പി.എസ്.സി ചോദ്യപേപ്പറിൽ ഉൾപ്പെടുത്താൻ എന്ത് അടിസ്ഥാനമാണുള്ളതെന്ന് ചോദിച്ചു.

ഇത്തരമൊരു ചോദ്യം ഉൾപ്പെടുത്തിയതിലൂടെ ആ കൂട്ടായ്മയെ ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ട ഒന്നാണെന്ന സന്ദേശമാണ് പി.എസ്.സി പരോക്ഷമായി നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു. അതേസമയം, പരീക്ഷയിലെ 12-ാമത്തെ ചോദ്യവും വിമർശനത്തിനിടയാക്കി. “ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപം ഏത്?” എന്ന ചോദ്യത്തിന് പഴശ്ശി കലാപം, മലബാർ കലാപം, കല്ലുമാല സമരം, ആറ്റിങ്ങൽ കലാപം എന്നിവയായിരുന്നു ഓപ്ഷനുകൾ. ചോദ്യകർത്താവ് ഉദ്ദേശിച്ച ശരിയുത്തരം ആറ്റിങ്ങൽ കലാപമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാൽ, പഴശ്ശി കലാപം സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന അധ്യായമാണെന്നും, കല്ലുമാല സമരം മഹാത്മാ അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സാമൂഹിക നവോത്ഥാന പ്രസ്ഥാനമാണെന്നും ഗോപകുമാർ ചൂണ്ടിക്കാട്ടി. മലബാർ കലാപത്തെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ചരിത്രത്തെ തെറ്റായി അവതരിപ്പിക്കാനുള്ള ശ്രമമാണെന്നും, അതിലൂടെ ചരിത്രപരമായ സംഭവങ്ങളെ വളച്ചൊടിക്കുന്ന സമീപനമാണ് പി.എസ്.സി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പി.എസ്.സി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല

Related Articles

Latest Articles