Saturday, November 14, 2026

കാവേരി തർക്കം: മുഖ്യമന്ത്രി വിജയ്‌യുടെ കർണാടക സന്ദർശനത്തിനെതിരെ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം; നിയമപോരാട്ടമാണ് വഴിയെന്ന് സ്റ്റാലിൻ

ചെന്നൈ: കാവേരി നദീജല തർക്കത്തിൽ കർണാടക മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്താനുള്ള തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ നീക്കത്തിനെതിരെ സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ പരമ്പരാഗതമായി തമിഴ്‌നാട് സ്വീകരിച്ചുവരുന്ന നിലപാടുകൾക്ക് വിരുദ്ധമായ ഈ നീക്കത്തിൽ നിന്ന് വിജയ് പിന്മാറണമെന്ന് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. നേരിട്ടുള്ള ചർച്ചകൾക്ക് പകരം സുപ്രീംകോടതി വഴിയുള്ള നിയമപോരാട്ടമാണ് എന്നും തമിഴ്‌നാട് സ്വീകരിച്ചിട്ടുള്ള നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.

വിഷയം ചർച്ച ചെയ്യാൻ അടിയന്തരമായി സർവകക്ഷിയോഗം വിളിച്ചുചേർക്കണമെന്ന് പ്രധാന പ്രതിപക്ഷമായ എഐഎഡിഎംകെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിതലത്തിൽ നടത്തുന്ന ഇത്തരം കൂടിക്കാഴ്ചകൾ കാവേരി വിഷയത്തിൽ തമിഴ്‌നാടിന്റെ അവകാശങ്ങൾക്ക് തിരിച്ചടിയാകുമെന്ന് എടപ്പാടി പളനിസാമി മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് മൂന്നിനാണ് വിജയും കർണാടകമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

സുപ്രീംകോടതി ഉത്തരവ് പ്രകാരം തമിഴ്‌നാടിന് അർഹതപ്പെട്ട വെള്ളം വിട്ടുനൽകാൻ കർണാടക ഇതുവരെ തയ്യാറായിട്ടില്ല. ഇതിനുപുറമേ കാവേരി നദിക്ക് കുറുകെ മേഖദാട്ടുവിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള നീക്കങ്ങളുമായി കർണാടക മുന്നോട്ട് പോകുകയാണ്. ഈ സാഹചര്യത്തിലാണ് തർക്ക പരിഹാരത്തിനായി കർണാടക സന്ദർശിക്കാൻ വിജയ് താല്പര്യം പ്രകടിപ്പിച്ചത്.

നിലവിൽ കാവേരി തർക്കത്തെത്തുടർന്ന് കന്നഡ സംഘടനകളുടെ പ്രതിഷേധം മൂലം തമിഴ്‌നാട് ബസുകൾക്ക് അതിർത്തിയായ ഹൊസൂരിൽ സർവീസ് അവസാനിപ്പിക്കേണ്ടി വരുന്ന ഗുരുതര സാഹചര്യമാണുള്ളത്. മുൻകാലങ്ങളിലും ചർച്ചകൾക്ക് കർണാടക തയ്യാറായിട്ടുണ്ടെങ്കിലും നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിരുന്നില്ല എന്ന അനുഭവത്തിന്റെ വെളിച്ചത്തിലാണ് വിജയിയുടെ സന്ദർശനത്തെ ഭൂരിഭാഗം നേതാക്കളും എതിർക്കുന്നത്. ഈ ചർച്ചയിൽ തമിഴ്‌നാടിന് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ അത് വിജയ്‌യുടെയും അദ്ദേഹത്തിന്റെ പാർട്ടിയായ ടി.വി.കെ.യുടെയും രാഷ്ട്രീയ പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക ഭരണപക്ഷത്തിനുള്ളിലും ശക്തമാണ്.

Related Articles

Latest Articles