Wednesday, October 7, 2026

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയ പ്രതിസന്ധി; ഐഐടി മദ്രാസ് വിദഗ്ധസംഘത്തെ നിയോഗിച്ച് കേന്ദ്രം; സിബിഎസ്ഇയോട് അടിയന്തിര റിപ്പോർട്ട് തേടി ധർമേന്ദ്ര പ്രധാൻ

ദില്ലി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത സാങ്കേതിക പ്രതിസന്ധിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടൽ. വെബ്സൈറ്റിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനും സിബിഎസ്ഇയെ സഹായിക്കാനുമായി ഐഐടി മദ്രാസിലെ പ്രൊഫസർ അടക്കമുള്ള പ്രത്യേക വിദഗ്ധസംഘത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചു. പുനർമൂല്യനിർണ്ണയ പോർട്ടലിലെ പിഴവുകളെക്കുറിച്ചും മാർക്ക് രേഖപ്പെടുത്തിയതിലെ വ്യാപകമായ പരാതികളെക്കുറിച്ചും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ സിബിഎസ്ഇയോട് വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്. വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഏജൻസിയെക്കുറിച്ച് കർശനമായ പരിശോധന നടത്തുമെന്നും നിലവിലെ ഗുരുതരമായ വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രാലയം സൂചന നൽകി.

പരീക്ഷാഫലം വന്നതിന് പിന്നാലെ തുടരുന്ന പുനർമൂല്യനിർണ്ണയ നടപടികൾ പൂർണ്ണമായും അവതാളത്തിലായതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലായിരുന്നു. ഉത്തരക്കടലാസിന്റെ പകർപ്പിനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെ വെബ്സൈറ്റിലെ തകരാറുകൾ പൂർണ്ണമായി പരിഹരിക്കാൻ സിബിഎസ്ഇക്ക് സാധിച്ചിരുന്നില്ല. ഫീസ് അടയ്ക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ തുടരുന്നതിനൊപ്പം, ഫീസ് വിജയകരമായി അടച്ചിട്ടും ദിവസങ്ങൾ കഴിഞ്ഞിട്ടും നിരവധി വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഉത്തരക്കടലാസിന്റെ പകർപ്പ് ലഭ്യമായിട്ടില്ല. ഇതിന് പുറമെ, ശരിയുത്തരം എഴുതിയിട്ടും പൂജ്യം മാർക്ക് നൽകിയിരിക്കുന്ന ഗുരുതരമായ മൂല്യനിർണ്ണയ പിഴവുകൾ വ്യക്തമാക്കുന്ന ഉത്തരക്കടലാസുകൾ പുറത്തുവന്നത് വിദ്യാർത്ഥികളുടെ വലിയ രോഷത്തിന് കാരണമായിട്ടുണ്ട്. ഇപ്പോഴത്തെ ഫലം റദ്ദാക്കി പരീക്ഷാ പേപ്പറുകൾ നേരിട്ട് പരിശോധിച്ച് വീണ്ടും ഫലം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സാമൂഹിക മാധ്യമങ്ങളിൽ വിദ്യാർത്ഥികൾ വൻ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് കേന്ദ്ര മന്ത്രാലയം അടിയന്തിരമായി വിഷയത്തിൽ ഇടപെട്ടത്. ഐഐടി മദ്രാസിൽ നിന്നുള്ള പ്രത്യേക സംഘം വെബ്സൈറ്റിലെ പണമിടപാട് പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സാങ്കേതിക പിഴവുകളും വിശദമായി പരിശോധിച്ച് ഉടൻ പരിഹരിക്കും. അപേക്ഷ സമർപ്പിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഉത്തരക്കടലാസുകൾ കൃത്യമായി ലഭ്യമാക്കുമെന്നും സാങ്കേതിക തകരാർ മൂലം ഒന്നിലധികം തവണ ഫീസ് ഈടാക്കപ്പെട്ടവർക്ക് തുക പൂർണ്ണമായി റീഫണ്ട് ചെയ്യുമെന്നും സിബിഎസ്ഇ പിന്നീട് അറിയിച്ചു. തുക നഷ്ടപ്പെട്ട വിദ്യാർത്ഥികൾ ഇതിനായി പുതിയതായി അപേക്ഷ നൽകേണ്ടതില്ലെന്നും സാങ്കേതിക പ്രശ്നങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും സിബിഎസ്ഇ വിശദീകരിച്ചു.

Related Articles

Latest Articles