Wednesday, May 1, 2024
spot_img

സിബിഎസ്ഇ പത്ത്, പതിനൊന്ന് ക്ലാസ് പരീക്ഷ നവംബറില്‍ ; ടൈംടേബിള്‍ ഒക്ടോബര്‍ പകുതിയോടെ; പ്രാക്ടിക്കല്‍ പരീക്ഷ ഉണ്ടാവില്ല

ദില്ലി: സി.ബി.എസ്.ഇ പത്ത്, പതിനൊന്ന് ക്ലാസുകളിലെ ഒന്നാം ടേം പരിക്ഷ നവംബറിൽ നടത്തും. ഒന്നാം ടേം പരീക്ഷയുടെ ടൈംടേബിള്‍ ഒക്ടോബര്‍ പകുതിയോടെ പ്രഖ്യാപിക്കുമെന്നാണ് സൂചന. മൾട്ടിപ്പിൾ ചോയ്സ് ഒപ്റ്റിക്കൽ മാർക്ക് റെക​ഗ്നിഷൻ (MCQ-OMR) ചോദ്യ പേപ്പറുകൾ ഉപയോഗിച്ചാകും പരീക്ഷ നടത്തുക.

ഓണ്‍ലൈന്‍ പരീക്ഷ സാധ്യമല്ലെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നു. ആദ്യ ടേമില്‍ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളാകും ഉണ്ടാകുക. പ്രാക്ടിക്കല്‍ പരീക്ഷ ഉണ്ടാവില്ല. രണ്ട് ടേമുകളായാണ് ഈ അധ്യയന വര്‍ഷത്തെ സി ബി എസ് ഇ വിഭജിച്ചിട്ടുള്ളത്. രണ്ടാം ടേം പരീക്ഷ 2022 മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളിലാകും നടക്കുക. രണ്ടു ടേമുകളിലെയും വിദ്യാര്‍ഥികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ഫലം തയ്യാറാക്കുക. രണ്ടാം ടേം പരീക്ഷ സബ്‌ജെക്ടീവ് ടൈപ്പ് ആണ്. പ്രാക്ടിക്കല്‍ പരീക്ഷകളും ഉണ്ടാവും. 120 മിനിറ്റായിരിക്കും പരീക്ഷ.

അതേസമയം കേരളത്തിൽ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയർസെക്കൻഡറി പരീക്ഷകൾ ഈ മാസം 24 ന് ആരംഭിച്ച് ഒക്ടോബർ 18 ന് അവസാനിക്കും. പരീക്ഷ ടൈം ടേബിള്‍ ഹയര്‍സെക്കണ്ടറി പോര്‍ട്ടലില്‍ ലഭ്യമാണ്. വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം കണക്കിലെടുത്ത് പരീക്ഷകൾക്കിടയിൽ ഒന്നു മുതൽ അഞ്ചു ദിവസം വരെ ഇടവേളകൾ ഉറപ്പാക്കിയിട്ടുണ്ട്.

Related Articles

Latest Articles