ദില്ലി : ഇന്ത്യൻ സൈന്യത്തിന്റെയും അർദ്ധസൈനിക വിഭാഗങ്ങളുടെയും നിർണ്ണായക നീക്കങ്ങൾ നിരീക്ഷിക്കാൻ ദേശീയപാതയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച് ദൃശ്യങ്ങൾ പാകിസ്ഥാനിലെ ചാരന്മാർക്ക് ചോർത്തി നൽകിയ പ്രതിയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട് സ്വദേശിയായ ബൽജീത് സിംഗ് എന്ന ബിട്ടുവാണ് പോലീസിന്റെ പിടിയിലായത്. ഇതോടെ അതിർത്തി സംസ്ഥാനമായ പഞ്ചാബിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിവന്ന വലിയൊരു ചാരശൃംഖലയുടെ വിവരങ്ങളാണ് പോലീസിന് പുറത്തുകൊണ്ടുവരാൻ സാധിച്ചത്.
പത്താൻകോട്ട്-ജമ്മു ദേശീയപാതയിലെ ഒരു പാലത്തിന് സമീപമുള്ള കടയിലാണ് പ്രതി ഇന്റർനെറ്റ് അധിഷ്ഠിത സിസിടിവി ക്യാമറ സ്ഥാപിച്ചത്. ഇതിലൂടെ ലഭിക്കുന്ന തത്സമയ ദൃശ്യങ്ങൾ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി പാകിസ്ഥാനിലും വിദേശത്തുമുള്ള ചാരസംഘടനകളുടെ കൈകളിലേക്ക് കൈമാറുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജനുവരിയിലാണ് ഇയാൾ ക്യാമറ സ്ഥാപിച്ചതെന്നും ദുബായിലുള്ള അജ്ഞാതനായ വ്യക്തിയുടെ നിർദ്ദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. ഈ ആവശ്യത്തിനായി ഇയാൾക്ക് 40,000 രൂപ പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. പ്രതിയിൽ നിന്നും സിസിടിവി ക്യാമറയും വൈഫൈ റൂട്ടറും പോലീസ് കണ്ടെടുത്തു.
ദേശീയപാതയിലെ സംശയാസ്പദമായ നീക്കങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുജാൻപൂർ പോലീസ് അന്വേഷണം ആരംഭിച്ചത്. കേസിൽ ബൽജീത് സിംഗിനെ കൂടാതെ വിക്രംജീത് സിംഗ്, ബൽവീന്ദർ സിംഗ്, തരൺപ്രീത് സിംഗ് എന്നിവരുൾപ്പെടെ നാല് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ഇവർ രാജ്യവിരുദ്ധ, ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിലെ അതിർത്തി കടന്നുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ശൃംഖലയുടെ വേരുകളെക്കുറിച്ചും അന്വേഷിക്കാൻ വിശദമായ റിപ്പോർട്ട് ഉന്നത അധികാരികൾക്ക് സമർപ്പിച്ചു.
കഴിഞ്ഞ മാസവും പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന രണ്ട് ചാരശൃംഖലകൾ പഞ്ചാബ് പോലീസ് തകർത്തിരുന്നു. ചൈനീസ് നിർമ്മിത സോളാർ സിസിടിവി ക്യാമറകൾ ഉപയോഗിച്ച് സൈനിക താവളങ്ങളുടെ തത്സമയ ദൃശ്യങ്ങൾ പാകിസ്ഥാനിലേക്ക് അയച്ച സംഭവത്തിലാണ് അന്ന് മൂന്ന് പേർ പിടിയിലായത്. 4G കണക്റ്റിവിറ്റിയും സോളാർ പാനലുമുള്ള ഈ ക്യാമറകൾക്ക് പരമ്പരാഗത വയറിങ് ആവശ്യമില്ലാത്തതിനാൽ സൈനിക നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കാൻ ഇവ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുമായിരുന്നു. ലഹരിമരുന്ന് കടത്തുൾപ്പെടെയുള്ള ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് ഈ ചാരസംഘടനകളുടെ വലയിൽ വീഴുന്നതെന്നും ഡ്രോൺ വഴി അതിർത്തി കടത്തുന്ന ഹെറോയിൻ വിതരണം ചെയ്യാനും ഇത്തരം പ്രതികൾക്ക് ചാരന്മാർ പണം നൽകിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

