ടെല്‍ അവീവ്: ഗാസയിലെ വെടിനിർത്തൽ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ ഉന്നതതല സുരക്ഷാസമിതിയുടെ അംഗീകാരം. കരാർ ഔദ്യോഗികമായി ഇസ്രയേൽ അംഗീകരിക്കാൻ 33 അംഗ സമ്പൂര്‍ണ്ണ മന്ത്രിസഭകൂടി കരാറിന് അംഗീകാരം നല്‍കേണ്ടതുണ്ട്. ഇതില്‍ ഭൂരിപക്ഷം അംഗങ്ങളും കരാറിനെ അനുകൂലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹമാസ് കരാര്‍ ലംഘിച്ചാല്‍ ഇസ്രയേല്‍ യുദ്ധത്തിലേക്ക് മടങ്ങുമെന്നും അമേരിക്കയുടെ പിന്തുണയുണ്ടാകുമെന്നും അതില്‍ തനിക്ക് ഉറപ്പുലഭിച്ചതായും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ കാബിനറ്റിനോട് പറഞ്ഞു. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ബന്ദികളെ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ മോചിപ്പിക്കും ബന്ദികളെ സ്വീകരിക്കാനും അവര്‍ക്കുവേണ്ട ചികിത്സാ സൗകര്യങ്ങളടക്കം ഇസ്രയേല്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
ദീര്‍ഘകാലത്തേക്ക്, ബന്ദികള്‍ക്ക് ആരോഗ്യകരവും മാനസികവും സാമൂഹികവുമായ പരിചരണം ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ചുരുങ്ങിയത് നാലു ദിവസമെങ്കിലും ഇവരെ ആശുപത്രിയില്‍ താമസിപ്പിക്കുന്നതിനുള്ള നിര്‍ദേശവും നല്‍കിയതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ പ്രധാനമധ്യസ്ഥരാണ് ഖത്തര്‍.’

