Tuesday, December 30, 2025

നിര്‍മ്മാണ മേഖലയ്ക്ക് ഇരുട്ടടിയായി സിമന്റിന് കൊള്ള വില; സിമന്‍റ് വിലയുടെ കുതിപ്പിൽ ഇടപെടാതെ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: നിര്‍മ്മാണ മേഖലയ്ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് സിമന്റിന് കൊള്ള വില. 50 കിലോ വരുന്ന ഒരു പാക്കറ്റ് സിമന്‍റിന് ഒറ്റയടിക്ക് 40 മുതല്‍ 50 രൂപ വരെയാണ് വിവിധ കമ്പനികള്‍ വര്‍ധിപ്പിച്ചത്. അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാട്ടിലും സിമന്‍റ് വിലയില്‍ 100 രൂപയോളം കുറവാണ്. കേരളത്തില്‍ 50 രൂപ വരെ വര്‍ധിപ്പിച്ച സിമന്‍റ് കമ്പനികള്‍ അവിടങ്ങളില്‍ പരമാവധി 20 രൂപ വരെയാണ് കൂട്ടിയത്. സിമന്‍റ് വില പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന ആക്ഷേപമുണ്ട്. സര്‍ക്കാരിന്‍റെ അധീനതയിലുള്ള പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സ് 20 രൂപയാണ് കൂട്ടിയത്.

സിമന്‍റ് വില കൂടുമ്പോള്‍ അധികമായി ലഭിക്കുന്ന നികുതി വരുമാനത്തില്‍ കണ്ണുവെച്ചാണ് സര്‍ക്കാര്‍ ഇടപെടാത്തതെന്ന് ആക്ഷേപമുണ്ട്. ഒരു പാക്കറ്റ് സിമന്‍റിന് 50 രൂപ കൂടുമ്പോള്‍ സര്‍ക്കാരിന് നികുതി വരുമാനമായി 14 രൂപ അധികം ലഭിക്കും. ഇത്തരത്തില്‍ പ്രതിമാസം 20 കോടി രൂപയുടെ അധികവരുമാനം ഉണ്ടാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. കൃത്രിമ ക്ഷാമം സൃഷ്ടിച്ച്‌ സിമന്‍റ് വിറ്റഴിക്കാനും നീക്കം നടക്കുന്നുണ്ട്. കേരളത്തില്‍ 290 മുതല്‍ 340 രൂപ വരെ വിലയുണ്ടായിരുന്ന വിവിധ കമ്പനികളുടെ സിമന്‍റ് പാക്കറ്റിന് ഇപ്പോള്‍ 390 മുതല്‍ 440 രൂപ വരെയാണ് വില.

Related Articles

Latest Articles