Sunday, May 19, 2024
spot_img

അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യം; സെപ്റ്റംബർ 30 ന് അവസാനിക്കാനിരുന്ന പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ കാലാവധി നീട്ടി കേന്ദ്രം

ദില്ലി: കേന്ദ്ര സർക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടി. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന മൂന്ന് മാസത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. പദ്ധതി പ്രകാരം ഒരാൾക്ക് അഞ്ച് കിലോ വീതം സൗജന്യ അരി തുടരും. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രാജ്യത്ത് കൊറോണ വ്യാപനം ഉണ്ടായതിന് പിന്നാലെയാണ് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ആരംഭിച്ചത്.

പദ്ധതി നീട്ടുക വഴി ഖജനാവിന് 45,000 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഏകദേശം 19.4 കോടി കുടുംബങ്ങളാണ് ഗരീബ് കല്യാൺ യോജനയ്‌ക്ക് കീഴിൽ വരുന്നത്.

പദ്ധതിയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ ഈ പദ്ധതി നീട്ടണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 26നാണ് പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടിയത്. രാജ്യത്തുടനീളമുള്ള 5 ലക്ഷം റേഷൻ കടകളിൽ നിന്ന് ഗുണഭോക്താക്കൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

Related Articles

Latest Articles