Sunday, April 28, 2024
spot_img

സമുദ്രത്തിനുള്ളിലെ നിധിതേടിയിറങ്ങി ഇന്ത്യ; ‘ഡീപ് ഓഷ്യൻ’ ദൗത്യത്തിന് അംഗീകാരം നൽകി കേന്ദ്രസർക്കാർ

ദില്ലി: സമുദ്രവിഭവങ്ങളുടെ സുസ്ഥിര ഉപയോഗത്തിനായി ആഴക്കടൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള ‘ഡീപ് ഓഷ്യൻ’ ദൗത്യത്തിന് കേന്ദ്രസർക്കാർ അംഗീകാരം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി ബുധനാഴ്ച അംഗീകാരം നൽകിയത്. അഞ്ചുവർഷത്തേക്ക് 4,077 കോടി രൂപയാണ് മിഷന്‍റെ ചെലവ് കണക്കാക്കുന്നത്. ഘട്ടം ഘട്ടമായാകും ഇത് നടപ്പാക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മൂന്ന് വർഷത്തേക്ക് ആദ്യ ഘട്ടത്തിനായി 2,823.4 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സർക്കാരിന്‍റെ ബ്ലൂ ഇക്കോണമി ഓർഗനൈസേഷനുകളെ പിന്തുണയ്ക്കുന്ന ഒരു മിഷൻ മോഡ് പ്രോജക്റ്റായിരിക്കും ഡീപ് ഓഷ്യൻ മിഷൻ.

പര്യവേക്ഷണത്തിനായി മധ്യ ഇന്ത്യൻമഹാസമുദ്രത്തിൽ 1.5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് ഇന്ത്യ അടയാളപ്പെടുത്തിയിരിക്കുന്നത്. ആഴക്കടൽ ഖനനത്തിനായുള്ള സാങ്കേതിക വിദ്യകളുടെ വികസനം ഉൾപ്പെടെയുള്ള ആറ് പ്രധാന ഘടകങ്ങളാണ് ഈ ദൗത്യത്തിൽ ഉൾപ്പെടുന്നത് എന്നാണ് വ്യക്തമാക്കുന്നത്. കടലിലെ കാലാവസ്ഥാ വ്യതിയാനം, ആഴക്കടൽ ജൈവവൈവിധ്യത്തിന്‍റെ പര്യവേക്ഷണത്തിനും സംരക്ഷണത്തിനുമുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങൾ, ആഴക്കടൽ സർവേയും പര്യവേക്ഷണവും, സമുദ്രത്തിൽ നിന്നുള്ള ഊർജ്ജവും ശുദ്ധജലവും, സമുദ്രത്തിലെ ജീവശാസ്ത്രത്തിനായുള്ള നൂതന മറൈൻ സ്റ്റേഷൻ തുടങ്ങിയവയാണ് ഈ ദൗത്യത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. സെൻസറുകളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് മൂന്ന് പേരെ സമുദ്രത്തിന്‍റെ 6,000 മീറ്റർ താഴ്ചയിലേക്ക് കൊണ്ടുപോകുന്നതിനായുള്ള പേടകങ്ങൾ ഇതിലൂടെ വികസിപ്പിക്കും. വളരെ കുറച്ച് രാജ്യങ്ങൾക്ക് മാത്രമാണ് സബ്മേഴ്സിബിൾ ഉള്ളത്. ആഴത്തിലുള്ള സമുദ്ര പര്യവേക്ഷണത്തിനായി ഒരു ഗവേഷണ കപ്പലും പദ്ധതിയിലൂടെ നിർമ്മിക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles