Saturday, October 31, 2026

പരീക്ഷാ തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ കേന്ദ്രസർക്കാർ; 10 വർഷം തടവും 10 കോടി പിഴയും, വിചാരണ മൂന്ന് മാസത്തിനകം

ദില്ലി ; നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വിദ്യാർത്ഥി പ്രതിഷേധങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ, പരീക്ഷാ തട്ടിപ്പുകൾ തടയുന്നതിനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ കേന്ദ്രസർക്കാർ നീക്കം ആരംഭിച്ചു. ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനായി 2024-ൽ പാസാക്കിയ പൊതുപരീക്ഷാ നിയമത്തിൽ (പൊതുപരീക്ഷ അന്യായ മാർഗ്ഗങ്ങൾ തടയൽ ആക്ട്) സുപ്രധാന ഭേദഗതികൾ വരുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷാ തട്ടിപ്പ് കേസുകളുടെ നടപടികൾ വേഗത്തിലാക്കാനും കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

പുതിയ ഭേദഗതി പ്രകാരം പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കേസുകൾ വിചാരണ ചെയ്യുന്നതിനായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും. കേസ് രജിസ്റ്റർ ചെയ്ത് മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കി ശിക്ഷ പ്രഖ്യാപിക്കണം എന്ന കർശന വ്യവസ്ഥയും നിയമത്തിൽ ഉൾപ്പെടുത്തും. ഇതിന് പുറമെ പ്രതികൾക്ക് നൽകുന്ന ശിക്ഷാ കാലാവധിയും പിഴത്തുകയും കുത്തനെ ഉയർത്താനും നിർദ്ദേശമുണ്ട്. ചോദ്യപേപ്പർ ചോർച്ചയിൽ പങ്കാളികളാകുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷയും 10 കോടി രൂപ വരെ പിഴയും ചുമത്താൻ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. നിലവിൽ ഇത്തരം കുറ്റകൃത്യങ്ങൾക്ക് 3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ നൽകിയിരുന്നത്.

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രണ്ടുരണ്ടര മാസത്തിനിടെ പരീക്ഷാ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിദ്യാർത്ഥികളുടെ ഭാവി നഷ്ടപ്പെടാതിരിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പാർലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനത്തിൽ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് പാസാക്കാനാണ് കേന്ദ്രസർക്കാർ പദ്ധതിയിടുന്നത്.

Related Articles

Latest Articles