മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരവെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ നല്‍കി. ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരി ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. ഇതേതുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭാ യോഗം വിളിച്ചു. ഗവര്‍ണറുടെ ശുപാര്‍ശ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകരിച്ചതായാണ് സൂചന.
എന്നാല്‍, ശുപാര്‍ശക്കെതിര സുപ്രീംകോടതിയെ സമീപിക്കാന്‍ ശിവസേന തീരുമാനിച്ചു. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ശിവസേനക്ക് വേണ്ടി ഹാജരാകും.
അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നിര്‍ദേശപ്രകാരം കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയിലേക്ക് തിരിച്ചു. അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ എന്നിവര്‍ മുംബൈയില്‍ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി ചര്‍ച്ച നടത്തും. നേരത്തെ, പവാറിനെ സോണിയാ ഗാന്ധി ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു.
നേരത്തെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ ക്ഷണിച്ചെങ്കിലും ഒന്നാമത്തെ വലിയ കക്ഷിയായ ബി.ജെ.പിക്കും, രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനക്കും സാധിച്ചിരുന്നില്ല. ഇപ്പോള്‍ മൂന്നാമത്ത വലിയ ഒറ്റകക്ഷിയായ എന്‍.സി.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍, ഇന്നു വൈകീട്ട് എട്ടര വരെയാണ് സമയപരിധി നല്‍കിയിരിക്കുന്നത്

