Saturday, September 26, 2026

മലപ്പുറത്ത് ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം

മലപ്പുറ :ജില്ലയില്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം. ഉത്സവങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതിന് രാവിലെ 11 മുതല്‍ വൈകുന്നേരം നാല് മണി വരെ വിലക്ക് ഏര്‍പ്പെടുത്തി.

രജിസ്റ്റര്‍ ചെയ്യാത്ത ആനകളെ എഴുന്നള്ളിക്കുന്നതിനും വിലക്കുണ്ട്. പാപ്പാന്മാര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഉത്സവം നടക്കുന്ന സ്ഥലങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ നടത്തിയ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം.

മൂന്ന് ദിവസം മുമ്പ് ഉത്സവങ്ങള്‍ നടത്തുന്നതിനുള്ള അപേക്ഷ മോണിറ്ററിങ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. അഞ്ചില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുവാനുള്ള അപേക്ഷ 30 ദിവസം മുന്‍പ് തന്നെ സമര്‍പ്പിച്ചിരിക്കണമെന്നും യോഗതീരുമാനം. kcems.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം.

2011 ലെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രകാരം 194 ക്ഷേത്രങ്ങള്‍ക്കാണ് മലപ്പുറത്ത് ആനകളെ ഉത്സവത്തിലെഴുന്നള്ളിക്കാനുള്ള അനുമതിയുള്ളത്. അഞ്ചില്‍ കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കുമ്പോള്‍ 25 ലക്ഷത്തില്‍ കുറയാതെ പബ്ലിക് ലയബിലിറ്റി ഇന്‍ഷുറന്‍സും എലിഫന്റ് സ്‌ക്വാഡിന് നല്‍കാനായി 3000 രൂപ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അടച്ച് രസീതും ഉത്സവക്കമ്മിറ്റിയുടെ കൈയിലുണ്ടായിരിക്കണം.

ഉത്സവം നടത്തുന്നതിനുള്ള അപേക്ഷ പൊലീസ് സ്റ്റേഷനില്‍ ലഭിക്കുമ്പോള്‍ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ ശ്രദ്ധിക്കണമെന്നും ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി.

യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എപി ഇംതിയാസ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അയൂബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Latest Articles