ദില്ലി : മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാണ സംഭവത്തില്‍ കടുത്ത നടപടിയുമായി കേന്ദ്രസർക്കാർ. കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തു. ഇതോടെ കമ്പനിക്ക് തുടർകരാറുകളിൽ പങ്കെടുക്കാനാവില്ല. ഇതിനൊപ്പം പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എന്‍ജിനീയറിങ് കണ്‍സള്‍ട്ടന്റ് ( എച്ച്.ഇ.സി) എന്ന കമ്പനിക്കും വിലക്കുണ്ട്. പദ്ധതിയുടെ പ്രോജക്ട് മാനേജര്‍ എം.അമര്‍നാഥ് റെഡ്ഡിയെയും ദേശീയപാത നിര്‍മാണത്തിന്റെ ടീം ലീഡറായ രാജ് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പ്രാഥമിക പരിശോധനയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കൂരിയാണ് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സര്‍വീസ് റോഡിലേക്ക് വീഴുകയും സര്‍വീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റി പരിശോധന നടത്തിയിരുന്നു. ഡല്‍ഹി ഐഐടിയിലെ പ്രൊ. ജി.വി റാവുവിനെ ഉള്‍പ്പെടുത്തി ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിദഗ്ധ സംഘത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും.

