Monday, April 29, 2024
spot_img

കോവിഡിന്റെ നേരറിയാൻ കേന്ദ്രം കേരളത്തിൽ | Covid 19

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്ര സംഘം കേരളത്തിലെത്തി. രോഗവ്യാപനം ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താനായി വിദഗ്ധ സംഘത്തിന്‍റെ സന്ദർശനം. ടിപിആർ കുറയാത്തതും പ്രതിദിന കേസുകൾ പതിനായിരത്തിന് മുകളിൽ തുടരുന്ന സാഹചര്യവും കേന്ദ്ര സംഘം വിലയിരുത്തുമെന്നാണ് റിപ്പോർട്ട്.

കൊവിഡ് കേസുകൾ കൂടുതലുള്ള കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചത്. അരുണാചൽ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തിസ്ഗഢ്, മണിപ്പുർ, കേരളം എന്നീ സംസ്ഥാനങ്ങളാണ് സംഘം സന്ദർശിക്കുകയെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. രണ്ടംഗ സംഘമാണ് ഓരോ സംസ്ഥാനത്തും സന്ദർശനം നടത്തുന്നത്. ഒരു ഡോക്ടറും പൊതുജനാരോഗ്യ വിദഗ്ധനുമാണ് സംഘത്തിലുണ്ടാകുക.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നത് ചർച്ചചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന് ചേരും. ടിപിആർ പത്തിൽ താഴെ എത്താത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ പുതിയ ഇളവ് അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യം ഉന്നതതല യോഗം ചർച്ച ചെയ്യും.

നിലവിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആർ അഞ്ചിൽ താഴെ എത്തിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. പക്ഷേ ടിപിആർ ഇപ്പോഴും പത്തിൽ കൂടുതലാണ്.

സംസ്ഥാനത്ത് ടിപിആർ 10 ശതമാനത്തിൽ കൂടുതൽ തന്നെയാണ് ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആയിരുന്നു. ശനിയാഴ്ചയാകട്ടെ 10.39 ഉം. വെള്ളിയാഴ്ച 10.11 എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസത്തെ ടിപിആർ.

ഇന്നലെ 12,100 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നതും ശ്രദ്ധേയമാണ്. പ്രതിദിന കേസുകൾ പത്തായിരത്തിൽ താഴെയും ടിപിആർ 10ൽ താഴെയും എത്തിക്കുകയുമാകും സർക്കാർ ശ്രമം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles