ദില്ലി: പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. സംസ്ഥാനത്തെ കര്‍ഷകരുടെ കയ്യില്‍ നിന്നും ഭക്ഷ്യധാന്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട്, 24 മണിക്കൂറിനകം നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് റാവു പ്രധാനമന്ത്രിയെ വെല്ലുവിളിച്ചത്.
‘മോദിക്ക് ധൈര്യമുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യട്ടെ.. ഞാന്‍ പ്രധാനമന്ത്രിയോടും കേന്ദ്ര ഭക്ഷ്യ മന്ത്രി പിയൂഷ് ഗോയലിനോടും പറയുന്നു. ദയവായി ഞങ്ങളുടെ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങൂ. ഞാന്‍ നിങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം തരുന്നു, അതിനുശേഷം ഞങ്ങള്‍ തീരുമാനം എടുക്കും. പുതിയ കാര്‍ഷിക നയം രൂപീകരിക്കാന്‍ പ്രധാനമന്ത്രിയോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിന് തയ്യാറല്ലെങ്കില്‍ ബിജെപിയെ അധികാരത്തിന് പുറത്താക്കും,’ അദ്ദേഹം പറഞ്ഞു.
തെലങ്കാന അവരുടെ അവകാശമാണ് ആവശ്യപ്പെടുന്നതെന്ന് റാവു വ്യക്തമാക്കി. സര്‍ക്കാരുകളെ താഴെയിറക്കാന്‍ ശേഷിയുള്ള കര്‍ഷകരുടെ വികാരം കൊണ്ട് കളിക്കരുതെന്നും കര്‍ഷകര്‍ യാചകരല്ലെന്നും ചന്ദ്രശേഖര്‍ റാവു കൂട്ടിച്ചേർക്കുകയും ചെയ്തു.

