Sunday, June 16, 2024
spot_img

‘കലാപകാരികള്‍ക്കും ക്രിമിനലുകള്‍ക്കും മറുമരുന്നുള്ളത് ബിജെപി സര്‍ക്കാരുകളുടെ കയ്യില്‍ മാത്രം’; ഗുജറാത്തിലെയും യുപിയിലെയും ബിജെപി സര്‍ക്കാര്‍ ക്രമസമാധാനപാലനത്തിന് മുഖ്യ പരിഗണന നല്‍കിയെന്നും പ്രധാനമന്ത്രി

ദില്ലി: കലാപകാരികള്‍ക്കും ക്രിമിനലുകള്‍ക്കും മറുമരുന്നുള്ളത് ബിജെപി സര്‍ക്കാരുകളുടെ കയ്യില്‍ മാത്രമാണെന്ന് ശക്തമായ വാദമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗുജറാത്തില്‍ കലാപങ്ങളൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.

‘കോണ്‍ഗ്രസ് ഭരണകാലത്ത് ഗുജറാത്തില്‍ വ്യവസായങ്ങള്‍ മെച്ചപ്പെടുകയോ ആളുകള്‍ക്ക് സുരക്ഷയുണ്ടെന്ന് തോന്നുകയോ ചെയ്തിരുന്നില്ല. ചെറിയ കാര്യത്തിന്റെ പേരില്‍ പ്പോലും എല്ലാ വര്‍ഷവും കലാപങ്ങളും നിരോധനാജ്ഞകളുമായിരുന്നു. ഗുജറാത്തിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിന് ജനങ്ങള്‍ ഒരു അവസരം നല്‍കിയപ്പോള്‍ സാഹചര്യം മാറാന്‍ തുടങ്ങി’- അദ്ദേഹം പറഞ്ഞു

‘ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ക്രമസമാധാനപാലനത്തിന് മുഖ്യ പരിഗണന നല്‍കി. സമാനമായി ഉത്തര്‍പ്രദേശില്‍ യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും മാഫിയകള്‍ക്കെതിരേയും ഗുണ്ടകള്‍ക്കെതിരേയും നടപടികള്‍ സ്വീകരിച്ചു. ഇതിനൊരു സ്ഥിരം പരിഹാരം ഉണ്ടാവണം. സമാധാനമാണ് വികസനത്തിന്റെ മുന്നോടി. അതിനാല്‍ ഉത്തര്‍പ്രദേശ് ക്രമസമാധാനത്തിന് പ്രധാനപരിഗണന നല്‍കുന്നുവെന്നും ക്രിമിനലുകള്‍ക്കും കലാപകാരികള്‍ക്കും മറുമരുന്നുള്ളത് ബിജെപി സര്‍ക്കാരുകളുടെ കയ്യിലാണ്’- നരേന്ദ്രമോദി കൂട്ടിച്ചേർത്തു

മാത്രമല്ല വിവിധ പാര്‍ട്ടികളിലെ കുടുംബാധിപത്യത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍, ജനങ്ങളുടെ സര്‍ക്കാരുകള്‍ എന്നായിരുന്നു ജനാധിപത്യത്തില്‍ സര്‍ക്കാരുകളെ വിളിച്ചിരുന്നത്. എന്നാല്‍, കുടുംബാധിപത്യമുള്ള പാര്‍ട്ടികള്‍ കുടുംബത്തിന് വേണ്ടി, കുടുംബങ്ങളാല്‍, കുടംബങ്ങളുടെ സര്‍ക്കാരുകള്‍ എന്ന് ഇത് തിരുത്തിയെന്നും മോദി ആരോപിച്ചു.

Related Articles

Latest Articles