Friday, October 30, 2026

മുഖ്യമന്ത്രിയെ അവഹേളിക്കാൻ ശ്രമം: വാഹനം തടഞ്ഞ ചേന്തി അനിലിനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്, റിമാൻഡ് റിപ്പോർട്ടിൽ ഞെട്ടിക്കുന്ന പരാമർശങ്ങൾ, റൗഡി പട്ടികയിലും പേര്, മൂന്ന് സ്റ്റേഷനുകളിൽ നിരവധി കേസുകളും

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ കോൺഗ്രസ് ജില്ലാ നേതാവ് ചേന്തി അനിലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. അനിലിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെപിസിസി നേതൃത്വം തിരുവനന്തപുരം ഡിസിസി പ്രസിഡന്റിനോട് നിർദേശിച്ചതിന് പിന്നാലെയാണ് നടപടി.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്ര തടസ്സപ്പെടുത്തിയെന്ന കേസിലാണ് ചേന്തി അനിലിനെ ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ജോലി തടസപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. അനിലിനെതിരെ ശ്രീകാര്യം, തുമ്പ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മാത്രമല്ല, പ്രതി റൗഡി പട്ടികയിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെയാണ് ചേന്തി അനിൽ പ്രവർത്തിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് നിന്ന് ശ്രീകാര്യം വഴി യാത്ര ചെയ്യുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം ചേന്തിയിൽ വെച്ച് തടഞ്ഞുനിർത്തിയെന്നാണ് പോലീസിന്റെ ആരോപണം.

പരിപാടി തന്റെ ഔദ്യോഗിക ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടില്ലെന്നും അതിനാൽ ഉദ്ഘാടനം ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് ചേന്തി അനിൽ വാഹനത്തിന് മുന്നിലേക്ക് കയറി നിന്നതെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ മുഖ്യമന്ത്രിയുടെ യാത്ര തടസ്സപ്പെട്ടതായും പരാതിയുണ്ട്.

അതേസമയം, തനിക്കെതിരായ പൊലീസ് നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നാണ് ചേന്തി അനിലിന്റെ ആരോപണം. താൻ കോൺഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഇരയാണെന്നും കസ്റ്റഡിയിലിരിക്കെ അനിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ അറസ്റ്റും തുടർന്ന് പാർട്ടി സസ്പെൻഷനും വന്നതോടെ ചേന്തി അനിലിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ വിവാദം കൂടുതൽ ശക്തമായിരിക്കുകയാണ്.

Related Articles

Latest Articles