ആലപ്പുഴ: ആറന്മുള ഉതൃട്ടാതി വള്ളംകളിക്കു പുറപ്പെടാൻ തുടങ്ങവെ ചെന്നിത്തല കരയുടെ പള്ളിയോടം മറഞ്ഞ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ആദിത്യൻ എന്ന പതിനേഴുകാരനാണ് മരിച്ചത്. ശക്തമായ ഒഴുക്കിൽ പെട്ട് ചെന്നിത്തല കരയുടെ പള്ളിയോടം മറിഞ്ഞാണ് അപകടം സംഭവിച്ചത്. മൂന്ന് പേരെയാണ് കാണാതായത്. ഇതിൽ ഒരാളിയിരുന്നു ആദിത്യൻ.
ചെന്നിത്തല സ്വദേശി സതീശന്റെ മകൻ പ്ലസ്ടു വിദ്യാർഥിയായ ആദിത്യന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മറ്റു രണ്ടുപേർക്കുമായി അഗ്നിരക്ഷാസേനയും പൊലീസും തിരച്ചിൽ നടത്തുന്നു.
പള്ളിയോടത്തിൽ ആളുകൾ കൂടുതൽ കയറിയതാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്. 65 പേർക്കാണ് പള്ളിയോടത്തിൽ കയറാൻ അനുമതിയുണ്ടായിരുന്നുള്ളു. എന്നാൽ ഇതിൽ കൂടുതൽ പേർ പള്ളിയോടത്തിലുണ്ടായിരുന്നു. വള്ളത്തിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായും കുട്ടികൾ ചാടിക്കയറിയതായും പ്രദേശവാസികൾ പറയുന്നു. അച്ചൻകോവിലാറ്റിൽ ചെന്നിത്തല വലിയപെരുമ്പുഴ കടവിലാണു പള്ളിയോടം മറിഞ്ഞത്. നിലവിൽ മൂന്ന് സ്‌കൂബ ടീം എത്തി തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.

