Tuesday, October 6, 2026

ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ! സിപിഎം പിന്തുണയോടെ കോൺഗ്രസ് വിമതർക്ക് ജയം !

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമത‍ർക്ക് ജയം. സിപിഎം പിന്തുണയോടെയാണ് വിമത സംഘത്തിന്റെ ജയം. ഇവരുടെ 11 അംഗ പാനൽ എല്ലാ സീറ്റിലും ജയിച്ചു. പാനലിൽ നാല് പേർ സിപിഎമ്മിൽ നിന്നും ഏഴ് പേർ കോൺഗ്രസ് വിമതരുമാണ്. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലായിരുന്നു ഇവർ മത്സരിച്ചത്. ജിസി പ്രശാന്ത് കുമാറിനെ ബാങ്കിന്റെ ഭരണസമിതിയുടെ ചെയർമാനായി തെരഞ്ഞെടുത്തു. ഇദ്ദേഹമാണ് ബാങ്കിലെ നിലവിലെ പ്രസിഡൻ്റ്.

രാവിലെ ആരംഭിച്ച തെരഞ്ഞെടുപ്പിൽ ഇരു പക്ഷവും കള്ളവോട്ട് ആരോപിക്കുകയും കാര്യങ്ങൾ സംഘർഷത്തിലേക്ക് പോകുകയും ചെയ്തിരുന്നു. പോലീസിന്റെ മുന്നിൽ വച്ചും ഇരു പക്ഷവും പരസ്പരം നിരവധി തവണ ഏറ്റുമുട്ടി . ഔദ്യോഗിക പാനലിനനകൂലമായി വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കവേ സംഘര്‍ഷം തുടങ്ങിയത്. സ്ഥലത്ത് കോൺഗ്രസ് – സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി. പറയഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പിനിടെ വോട്ടര്‍മാരെ എത്തിക്കുന്ന വാഹനത്തിന് നേരെ നേരത്തെ കല്ലേറ് ഉണ്ടായിരുന്നു. തങ്ങളെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് വോട്ടർമാർ ആരോപിച്ചു. വോട്ടർമാരിൽ പലരും വോട്ട് ചെയ്യാനാകാതെ മടങ്ങി പോവുകയും ചെയ്തു

35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പിനിടെയുണ്ടായ അതിക്രമത്തിലും പോലീസിന്റെ നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ച് നാൾഡ് രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെ ഹർത്താൽ ആചരിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Related Articles

Latest Articles