തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി വീണ്ടും അമേരിക്കയില് (America) പോകുന്നു.ഈ മാസം 15 മുതല് 29വരയാണ് മുഖ്യമന്ത്രി അമേരിക്കയില് ചികിത്സയില് കഴിയുക. യാത്ര സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മയോ ക്ലിനിക്കിലാണ് ചികിത്സ നടക്കുന്നത്. ഭാര്യ കമല, പിഎ എന്നിവർ മുഖ്യമന്ത്രിയെ അനുഗമിക്കും. എല്ലാ ചെലവും സർക്കാർ വഹിക്കും.
മുഖ്യമന്ത്രി യാത്രതിരിക്കുമ്പോള് പകരം ചുമതല ആര്ക്കെങ്കിലും നല്കുമോയെന്ന് വ്യക്തമല്ല. 2018 സെപ്റ്റംബറിലായിരുന്നു മുഖ്യമന്ത്രി ചികിത്സക്കായി ആദ്യം അമേരിക്കയിലേക്ക് പോയത്. അമേരിക്കയിലെ പ്രശസ്തമായ മയോ ക്ലിനിക്കിലായിരുന്നു മുഖ്യമന്ത്രി ചികിത്സ തേടിയിരുന്നത്. ഇതിന്റെ തുടര് ചികിത്സക്കായാണ് ഇപ്പോള് പോകുന്നത്. 2021 ഒക്ടോബറില് അദ്ദേഹം അമേരിക്കയിലേയ്ക്ക് പോകേണ്ടതായിരുന്നു. എന്നാല്, കൊവിഡ് പ്രതിസന്ധിയെ തുടര്ന്ന് ചികിത്സ മാറ്റി വയ്ക്കുകയായിരുന്നു.
നിലവില് അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള് ഒന്നുമില്ലെന്നാണ് റിപ്പോര്ട്ട്.

