തന്നെ വേദിയിലിരുത്തി പുകഴ്ത്തിയുള്ള സ്വാഗത പ്രസംഗത്തിൽ അസ്വസ്ഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ടാഗോൾ തിയറ്ററിൽ സംഘടിപ്പിച്ച പി.എൻ. പണിക്കർ അനുസ്മരണ വായനാദിന ചടങ്ങിലാണ് സംഭവം. മുഖ്യമന്ത്രി അസ്വസ്ഥനാകുന്നത് ശ്രദ്ധയിൽപ്പെട്ട സംഘാടകർ ഒടുവിൽ ഒരു കുറിപ്പ് കൈമാറിയാണ് പ്രസംഗകന്റെ പ്രസംഗം അവസാനിപ്പിച്ചത്. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാലായിരുന്നു സ്വാഗതപ്രാസംഗകൻ.
‘പിണറായി വിജയന്‍ സാര്‍ തന്നെ വരണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹം കേരളത്തിന്റെ മാത്രമല്ല, ഇന്ത്യന്‍ പൊളിട്ടിക്‌സിന്റെ ലെജൻഡറി ഹീറോ ആണ്. ശ്രീ പിണറായി വിജയന്‍, നിങ്ങള്‍ കേരളത്തിന്റെ ഒരു ഗിഫ്റ്റാണ്, വരദാനമാണ്. എ.കെജിയെ സ്മരിക്കാറുള്ളത് പാവപ്പെട്ടവരുടെ പടത്തലവന്‍ എന്നാണ്. ഞങ്ങള്‍ പിണറായി വിജയനെ സ്മരിക്കുന്നത് പാവപ്പെട്ടവരുടെ അത്താണിയെന്നാണ്’, എന്‍. ബാലഗോപാല്‍ പറഞ്ഞു.
പുകഴ്ത്തല്‍ നീണ്ടുപോകുകയും മുഖ്യമന്ത്രിക്ക് ഇതിനോടുള്ള നിലപാടിൽ ആശങ്ക ഉയരുകയും ചെയ്തതോടെയാണ് സംഘാടകര്‍ ഇടപെട്ടത്. പ്രസംഗം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള കുറിപ്പ് എത്തിച്ചതോടെ സ്വാഗതപ്രസംഗകന്‍ ട്രാക്ക് മാറ്റി. ‘നിര്‍ത്താം, കൂടുതല്‍ സംസാരിച്ചാല്‍ മുഖ്യമന്ത്രിക്ക് ദേഷ്യംവരും. അത് അദ്ദേഹത്തിന്റെ പ്രസംഗത്തെയും ബാധിക്കും. എനിക്ക് അദ്ദേഹത്തെ പേടിയാണ്’, ഇത്രയും പറഞ്ഞ് അദ്ദേഹം പ്രസംഗം നിര്‍ത്തി.
നീണ്ടുപോയ പുകഴ്ത്തലിനിടെ അപ്രതീക്ഷിതമായ ട്വിസ്റ്റ് കണ്ട് മുഖ്യമന്ത്രിയടക്കം വേദിയിലുണ്ടായിരുന്നവര്‍ എല്ലാവരും ചിരിച്ചു. സദസില്‍നിന്ന് കൈയ്യടിയും ഉയര്‍ന്നു.

