കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്‍റിലുണ്ടായ തീ പിടിത്തത്തെക്കുറിച്ച് ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംസ്ഥാന സർക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായാണ് ജോയി ചർച്ച നടത്തിയത്.തീയണയ്ക്കാനായ് അടിയന്തിര നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.പുകയുയർത്തുന്ന പ്രശ്നങ്ങൾ കാരണം ജനങ്ങൾ ഞായറാഴ്ച പരമാവധി വീടിനുള്ളിൽ തന്നെ തുടരണമെന്നാണ് യോഗം നിർദ്ദേശിച്ചത്.
അതേസമയം വിഷപ്പുകയിൽ മുങ്ങിയിരിക്കുകയാണ് കൊച്ചി നഗരം. ശ്വാസ തടസത്തെ തുടർന്ന് നിരവധിപേർ ആശുപത്രിയിൽ കഴിയുകയാണ്.നഗരത്തിലാകെ പുകയും പ്ലാസ്റ്റിക് കത്തുന്നതിന്റെ മണവും വമിക്കുകയാണ്. കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, കാക്കനാട്, വൈറ്റില മേഖലകളില്‍ കനത്ത പുകയാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.എന്നാൽ തീ വീണ്ടും ആളിപടരുകയാണ്. ഇതുവരെയും അണയ്ക്കാൻ കഴിഞ്ഞിട്ടില്ല.തീ അണയ്ക്കുന്നതിനനുസരിച്ച് പുക ഉയരുന്ന സ്ഥിതിയാണ് നിലവില്‍.

